കൊച്ചി: വിജിലൻസ് പ്രത്യേക അന്വേഷണ സംഘമല്ലെന്നും അവർക്ക് പ്രത്യേക അധികാരങ്ങളില്ലെന്നും ഹൈക്കോടതി. പരാതികളുടെ സ്വഭാവം പരിശോധിക്കാൻ വിജിലൻസിന് കഴിയുന്നില്ലെങ്കിൽ ഇത്തരത്തിലൊരു സംവിധാനത്തിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു.
എഡിജിപിയായിരുന്ന ശങ്കർ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിനെതിരെ പായിക്കര നവാസ് എന്നയാൾ നൽകിയ ഹർജി പരിഗണിക്കുന്പോഴായിരുന്നു കോടതി വിജിലൻസിനെ വിമർശിച്ചത്. വിജിലൻസിന് പ്രത്യേക അവകാശങ്ങളില്ലെന്നും കേരളാ പൊലീസിന്റെ ഭാഗമാണ് വിജിലൻസെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
ഹർജിക്കാരനായ പായിക്കര നവാസിന് സർക്കാർ രേഖകൾ കിട്ടുന്നതിൽ ഹൈക്കോടതി അത്ഭുതവും പ്രകടിപ്പിച്ചു. എവിടെ നിന്നാണ് ഈ രേഖകളൊക്കെ ഹർജിക്കാരന് കിട്ടുന്നതെന്ന് പരിശോധിക്കാനും കോടതി നിർദേശിച്ചു. ഇപ്പോൾ തന്നെ നാൽപതോളം പരാതികൾ നവാസ് കോടതിയിൽ നൽകിയിട്ടുണ്ട്.
ബാര്‍കോഴക്കേസിലും വിജിലന്‍സിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കെ.എം മാണിക്കെതിരായ വിജിലൻസിന്റെ രണ്ടാം സത്യവാങ്മൂലം നിരുത്തരവാദപരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാർ കോഴ കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന മാണിയുടെ ഹർജി പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിയുടെ നിർദ്ദേശ പ്രകാരം രണ്ടാം സത്യവാങ്മൂലം സമർപ്പിച്ചത്. ഇതേ തുടർന്ന് വിജിലൻസ് കേസ് നടത്തിപ്പിനെ ചൊല്ലി സ്പെഷൽ പ്രോസിക്യൂട്ടറും സർക്കാർ അഭിഭാഷകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഹർജി ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
















