കല്‍പ്പറ്റ: യത്തീം ഖാനയിലെ ഏഴ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ വയനാടിന്റെ ചുമതലയുള്ള കോഴിക്കോട് സിഡബ്ലുസി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ കണിയാമ്പറ്റയിലെ വയനാട് സിഡബ്ലുസി ആസ്ഥാനത്തെത്തിയ അഡ്വ. ശ്രീല മേനോന്‍ വയനാട് ചെയര്‍പേഴ്‌സണായി ചുമതലയേറ്റു. അവരോടൊപ്പം സിഡബ്ലുസി അംഗം ഷൈനിയുമുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനികളെ വൈകാതെ നിര്‍ഭയയിലേക്ക് മാറ്റുമെന്ന് അവര്‍ പറഞ്ഞു.
സ്ഥാപനം വീഴ്‌ച്ച വരുത്തിയോയെന്ന് സാമൂഹ്യനീതി വകുപ്പ് പരിശോധിക്കും. കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ ഒറ്റയ്‌ക്കൊറ്റക്ക് കൗണ്‍സിലിങ് നടത്താനും ആലോചനയുണ്ട്.യത്തീംഖാനയിലെ വിദ്യാര്‍ഥിനികള്‍ തൊട്ടടുത്തുള്ള ഹോസ്റ്റലില്‍ താമസിച്ച് പഠിച്ച് വരികയായിരുന്നു. സ്‌കൂളില്‍നിന്നും ഹോസ്റ്റലിലേക്ക് 500 മീറ്റര്‍ ദൂരമുണ്ട്. സ്‌കൂളിന്റെ മുന്‍ വശത്ത് കച്ചവടം നടത്തുന്ന ഒരാളും മറ്റ് ചിലരും ചേര്‍ന്നാണ് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത്.
കുട്ടികള്‍ ഹോസ്റ്റലില്‍നിന്നും പുറത്തുപോകുമ്പോള്‍ കൂടെ വാര്‍ഡന്‍ ഉണ്ടാകണമെന്നാണ് നിയമം. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല. യത്തീംഖാനയില്‍ കുട്ടികള്‍ക്ക് സൗഹൃദാന്തരീക്ഷം ഇല്ലെന്നും സാമൂഹ്യനീതി വകുപ്പ് വിലയിരുത്തി. ഇതാണ് രണ്ടുമാസമായി പീഡനം രഹസ്യമായിവെക്കാനുള്ള കാരണം. പോക്‌സോ നിയമപ്രകാരം പതിനൊന്നു കേസുകള്‍ ചുമത്തിയ ആറ് പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും.
















