ആലുവ: അയല്‍വാസികളായ മൂന്നും ഏഴും വയസുള്ള സഹോദരിമാരെ ലൈംഗീകമായി പീഡിപ്പിച്ച അമ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. കടുങ്ങല്ലൂര്‍ പഞ്ചായത്ത് കാരോത്തുകുന്ന് പഴമ്പിള്ളി വീട്ടില്‍ ഉണ്ണി തോമസിനെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. അംഗന്‍വാടിയിലും ഒന്നാം ക്ലാസിലും പഠിക്കുന്നതാണ് കുട്ടികള്‍.
അയല്‍വാസിയായ ഇയാളുടെ വീട്ടില്‍ കുട്ടികള്‍ കളിക്കാന്‍ പോയപ്പോഴായിരുന്നു പീഡനം. നിര്‍മ്മാണത്തൊഴിലാളിയായ പ്രതിയുടെ ഭാര്യയും രണ്ട് പെണ്‍മക്കളും ജോലിക്കു പോയ സമയത്തായിരുന്നു സംഭവം.
ഒരു മാസം മുന്‍പ് ഒന്നാം ക്ലാസുകാരിയില്‍ നിന്ന് മാതാപിതാക്കള്‍ വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും മാനഹാനി ഭയന്ന് പോലീസില്‍ പരാതി നല്‍കിയില്ല. സംഭവം അറിഞ്ഞ സ്‌കൂള്‍ അധ്യാപിക ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിച്ചു. ഇവരുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ സ്‌റ്റെപ്‌റ്റോ ജോണ്‍ പറഞ്ഞു.
















