തിരുവനന്തപുരം: ഭാപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിന്‍ സ്‌ഫോടനം സംബന്ധിച്ച് ഭീകരരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് കേരള പോലീസ്. കണ്ണൂര്‍, കാസര്‍കോട് പ്രദേശങ്ങളില്‍ നിന്ന് അപ്രത്യക്ഷരായ 19 പേരെക്കുറിച്ച് കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭ്യമായ സുപ്രധാന വിവരങ്ങളാണ് ഐഎസിന്റെ ഘടകമായി പ്രവര്‍ത്തിക്കുന്ന ഖുരാസാന്‍ മൊഡ്യൂള്‍ എന്ന ഭീകരസംഘടനയിലെ അംഗങ്ങളെ തിരിച്ചറിയാന്‍ നിര്‍ണായകമായത്.
യുപിയിലെ താക്കൂര്‍ ഹബ്ബില്‍ വധിക്കപ്പെട്ട ഖുരാസാന്‍ തീവ്രവാദി സെയ്ഫുള്ളയെക്കുറിച്ചുള്ള സൂചനകള്‍ കേരള പോലീസിന് ലഭിച്ചിരുന്നു. മലയാളികളെ കേന്ദ്രീകരിച്ച് കേരള പോലീസിലെ രഹസ്യാന്വേഷണവിഭാഗവും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഉപയോഗിച്ചിരുന്ന മെയിലുകളും ടെലിഗ്രാം മെസഞ്ചറുകളും പരിശോധിച്ചതില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ കേന്ദ്രീകരിച്ചപ്പോള്‍ ഇവരുമായി സിറിയയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ ലഭിച്ചിരുന്നു.
സിറിയയില്‍ നിന്നുള്ള സംഘവും യുപിയിലെ സംഘവും നടത്തിയ ആശയവിനിമയങ്ങളും കേരള പോലീസ് ശ്രദ്ധിച്ചിരുന്നു. ഈ വിവരങ്ങളാണ് കേരള പോലീസ് യുപി പോലീസിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കൈമാറിയത്. മറ്റ് ചില നിര്‍ണായക വിവരങ്ങള്‍ തെലുങ്കാന പോലീസും കൈമാറി. ഐഎസിന്റെ ഘടകമായ ഖുരാസന്‍ മൊഡ്യൂളിന് പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും സഹായമെത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
















