കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരെ മുന്‍മന്ത്രി കെ.എം. മാണി നല്‍കിയ ഹര്‍ജി പരിഗണിക്കവെ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹെക്കോടതിയുടെ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ രണ്ടു തവണ സത്യവാങ്മൂലം നല്‍കിയതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.
തുടര്‍ന്നു മാണിക്കെതിരായ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം നിയമാനുസൃതമാണോയെന്ന് പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബാര്‍ കോഴക്കേസിലെ തുടരന്വേഷണം ചോദ്യം ചെയ്ത് മാണി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹര്‍ജിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്നത് നിയമാനുസൃതമല്ലെന്നു മാണിയുടെ അഭിഭാഷകന്‍ വാദിച്ചു. വിചാരണക്കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി കേസ് നടത്താനാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും ഹൈക്കോടതിയില്‍ അദ്ദേഹത്തിന് കേസ് നടത്താന്‍ കഴിയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, കിളിരൂര്‍ കേസിലുള്‍പ്പടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു.
കേസന്വേഷണം പ്രാഥമികഘട്ടത്തിലിരിക്കെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം സാധ്യമാണോയെന്നും പരിശോധിക്കണം. ഇക്കാര്യത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും നിലപാട് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ രണ്ടു തവണ സത്യവാങ്മൂലം നല്‍കാനുള്ള സാഹചര്യമെന്താണ്, ആരാണ് ഇതിനു നിര്‍ദേശിച്ചത് എന്നീ കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സരീഷ് മാര്‍ച്ച് 27 ന് നേരിട്ട് ഹാജരായി ബോധിപ്പിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി മാര്‍ച്ച് 27 ന് വീണ്ടും പരിഗണിക്കും.
















