ഊരുമൂപ്പന്‍ കുമാരന്‍ കേശവന്‍
എരുമേലി: മുഖത്ത് ചെറിയ ചില ചുളിവുകള്‍ മാത്രം. പ്രായത്തിന്റേതായ മറ്റവശതകള്‍ ഒന്നുമില്ല. നാട്ടിലാണെങ്കില്‍ ശതാഭിഷേക ആഘോഷത്തിന്റെ ദിനങ്ങളായിരിക്കും. കാടിന്റെ മക്കളായതിനാല്‍ അങ്ങനെയൊന്നുമില്ല.
ചാത്തന്‍തറ കുറുമ്പന്‍മൂഴി മണക്കയം വനവാസി കോളനിയിലെ ഊരുമൂപ്പന്‍ കുമാരന്‍ കേശവനും, സഹധര്‍മ്മിണി കുഞ്ഞിപ്പെണ്ണും തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാനാണ് മുക്കൂട്ടുതറ അക്ഷയ കേന്ദ്രത്തിലെത്തിയത്. കേശവന്‍ മൂപ്പന് പ്രായം 110, കുഞ്ഞിപ്പെണ്ണിന് പ്രായം 104. പരസഹായമില്ലാതെ കോളനിയില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് കുറുമ്പന്‍മൂഴിയിലെത്തി അവിടെനിന്ന് ബസ്സിലാണ് ഇവര്‍ അക്ഷയകേന്ദ്രത്തിലെത്തിയത്.
കാടിന്റെ മഹിമയും, നാടിന്റെ കഥകളുമായി വട്ടംകൂടിയവര്‍ക്ക് മുന്നില്‍ ഇരുവരും ചുറുചുറുക്കോടെയാണ് പഴയതെല്ലാം ഓര്‍ത്തെടുത്തത്. ”കാടിനോടും, വന്യമൃഗങ്ങളോടും പടവെട്ടി കാടിന്റെ കാവല്‍ക്കാരനായി കഴിഞ്ഞകാലമിത്രയും കഴിഞ്ഞിട്ടും ഒരു മൃഗത്തെപ്പോലും വേട്ടയാടിയിട്ടില്ല. അതിന് ഇനിയും ആരെയും അനുവദിക്കില്ല,” കേശവന്‍ പറയുന്നു. നാലു തലമുറകളെയും ഇവര്‍ കണ്ടു. കേശവനും കുഞ്ഞിപ്പെണ്ണിനും രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്.
സര്‍ക്കാരിന്റെ കണക്കുകളില്‍ ചില്ലറ പൊരുത്തക്കേടുകള്‍ വന്നെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കിയാണ് ഇരുവരും തങ്ങളുടെ കോളനിയിലേക്ക് മടങ്ങിയതെന്ന് അക്ഷയ കേന്ദ്രം സംരംഭകന്‍ ടി.എസ്. ശിവകുമാര്‍ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു…. നമുക്ക് ഇനിയും കാണാം… വിശേഷങ്ങള്‍ ഇനിയും പറയാനുണ്ട്… കാലവും നമുക്ക് മുന്നില്‍ ഉണ്ടല്ലോ!!
















