കൊച്ചി: മുന്‍ സര്‍ക്കാരിന്റെ കാലത്ത് ശങ്കര്‍ റെഡ്ഡിക്ക് പ്രൊമോഷന്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന വിജിലന്‍സ് കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരെ നവാസ് പായിച്ചിറ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തിരുന്നത്. ഈ കേസ് റദ്ദാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഇന്നലെ ഹര്‍ജി പരിഗണിക്കവെ ഈ കേസില്‍ പരാതി നല്‍കിയ നവാസ് പായിച്ചിറ തന്നെ 40 ഓളം പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സിന് ധാരാളം വ്യാജപ്പരാതികള്‍ ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കള്ളപ്പരാതി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് വിജിലന്‍സെന്ന് ഈ സമയം ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. നവാസ് കേരളത്തിലെ വിവിധ കോടതികളിലായി നല്‍കിയ പരാതികളുടെ വിവരങ്ങള്‍ വിജിലന്‍സ് നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
ശങ്കര്‍ റെഡ്ഡിക്ക് പ്രൊമോഷന്‍ നല്‍കിയത് സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനമെന്നും അഴിമതി നിരോധന നിയമപ്രകാരം നടപടി സാധ്യമല്ലെന്നും വ്യക്തമാക്കി വിജിലന്‍സ് മാര്‍ച്ച് ഏഴിന് ഹൈക്കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി. ഇതു കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ശങ്കര്‍ റെഡ്ഢിയുടെ പ്രൊമോഷന്‍ ചട്ടപ്രകാരമല്ലെങ്കില്‍ പോലും സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനമാണെന്നതിനാല്‍ നിയമനടപടിക്ക് കാരണമില്ലെന്നാണ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സി.എസ്. വിനോദ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. ശങ്കര്‍ റെഡ്ഢി ഉള്‍പ്പടെ നാലു പേര്‍ക്ക് പ്രൊമോഷന്‍ നല്‍കിയത് നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ചീഫ് സെക്രട്ടറിയും അഡി. ചീഫ് സെക്രട്ടറിയും ഫയലില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇവരുടെ നിര്‍ദേശങ്ങള്‍ മറി കടന്നാണ് സര്‍ക്കാര്‍ പ്രൊമോഷന്‍ നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഭരണപരമായ ഈ തീരുമാനം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. എന്നാലും ചട്ടലംഘനം ഉണ്ടെന്നതിനാല്‍ പ്രൊമോഷന്‍ നല്‍കിയതു പുന: പരിശോധിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സിന്റെ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
















