കോഴിക്കോട്: തരംതാഴ്‌ത്താനുള്ള നീക്കത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. ആദ്യഘട്ടമെന്ന നിലയില്‍ ഈ മാസം 14ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
അന്ന് തന്നെ മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവരെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കും. എംഎല്‍എമാരെയും കാണും. തുടര്‍ന്ന്, സര്‍ക്കാര്‍ നിലപാടിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന എഞ്ചിനീയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും സംയുക്ത യോഗത്തിന്റേതാണ് തീരുമാനം. സംയുക്ത സമര സമിതിയും രൂപീകരിച്ചു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ സെക്രട്ടറിക്ക് കീഴിലാക്കാനാണ് നീക്കം. ഇക്കാര്യം ബജറ്റ് പ്രഖ്യാപനത്തിലൂടെയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ എഞ്ചിനീയര്‍മാരെ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണുള്ളത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സമയം നോക്കാതെ തൊഴിലെടുക്കുന്ന എഞ്ചിനീയര്‍മാരോട് വിവേചനം കാണിക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു.
എഞ്ചിനീയര്‍മാരെല്ലാം അഴിമതിക്കാരെന്ന് ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല. പത്ത് വര്‍ഷം മുന്‍പ് എല്‍എസ്ജിഡി വിഭാഗം രൂപീകരിച്ചപ്പോള്‍, സര്‍ക്കാര്‍ ഉറപ്പ് പ്രകാരം പൊതുമരാമത്ത്, ജലസേചനം എന്നീ വകുപ്പുകളില്‍ നിന്ന് വിട്ട് പോന്നവരാണെന്നും എഞ്ചിനീയര്‍മാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
















