കോട്ടയം: കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വ്യാജ ഐഎഎസ് ഐഡന്റിറ്റി കാര്‍ഡുമായി പിടിയിലായ മഹാരാഷ്‌ട്ര സ്വദേശി വിനയകുമാര്‍ കത്തു(35)വിനെയും കൂട്ടാളികളെയും കോടതി റിമാന്റ് ചെയ്തു.
കേന്ദ്ര വിജിലന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് വിനയകുമാര്‍ കത്തു കുമരകത്തെ സൂരി ഹോട്ടലില്‍ മുറിയെടുത്തത്. സുഹൃത്തുക്കളായ മഹേഷ് സാവത്ത്, സച്ചിന്‍ സാവത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. വിനയകുമാറില്‍ നിന്ന് വ്യാജ ഐഡി കാര്‍ഡുകള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്.
മുംബൈ പനവേലില്‍ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനം നടത്തുന്ന വിനയകുമാര്‍ കത്തു കുമരകത്ത് എത്തിയതും ഈ ബിസിനസ് ലക്ഷ്യമിട്ടാണ്. വ്യാപാര ഇടപാടുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നേടുന്നതിനുവേണ്ടിയാണ് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചശേഷമാണ് ഇവര്‍ കുമരകത്ത് എത്തിയത്.
2016ല്‍ ദല്‍ഹിയിലെ കെ.എം പുരം പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ സമാന കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. വിനയകുമാറിന്റെ രേഖകള്‍ വ്യാജമാണെന്നറിഞ്ഞിട്ടും ആ വിവരം പോലീസില്‍ അറിയിക്കാത്തതിനാണ് ഒപ്പമുള്ള രണ്ടുപേര്‍ അറസ്റ്റിലായത്.
















