കൊച്ചി: മറൈന്‍ ഡ്രൈവില്‍ സദാചാരത്തിന്റെ പേരില്‍ സമരാചാരങ്ങള്‍. സംഘര്‍ഷം ഭയന്നെങ്കിലും പ്രതിഷേധങ്ങള്‍ സമാധാനപരമായി. അഞ്ച് പ്രമുഖ യുവ ജനസംഘടനകള്‍ പ്രതിഷേധത്തിനെത്തി.
ശിവസേന പ്രവര്‍ത്തകര്‍ കമിതാക്കളെ ഓടിച്ചതില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലൗവ് കൂട്ടായ്‌മ ചുംബനസമരം നടത്തി. വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. തെരുവ് നാടകത്തോടെയായിരുന്നു പ്രതിഷേധം തുടങ്ങിയത്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചുംബന സമരത്തിനെതിരെയും ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെയും മറൈന്‍െഡ്രെവിലേക്ക് മാര്‍ച്ച് നടത്തി.
ശിവസേന, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൂട്ടുപിടിച്ച് സദാചാര ഗുണ്ടായിസം നടത്തുന്നുവെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു കുറ്റപ്പെടുത്തി. കേരളത്തില്‍ സിപിഎമ്മിന്റെ ആളായാണ് ശിവസേന പ്രവര്‍ത്തിക്കുന്നതെന്നും പിണറായി മുഖ്യമന്ത്രി സ്ഥാനമേറ്റപ്പോള്‍ എറണാകുളത്ത് ശിവസേന ആഹ്ലാദപ്രകടനം നടത്തിയത് മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, ദിനില്‍ ദിനേശ്, വി.കെ. ബസന്ത് കുമാര്‍, കൗണ്‍സിലര്‍ സുധാദിലീപ്, സലീഷ് ചേമണ്ടൂര്‍, പി.എസ്. ഷൈലേഷ്, പി.എസ്. രാഹുല്‍, പി.എസ്. സ്വദേശ്, എം.എസ്. കൃഷ്ണലാല്‍, ആര്‍.അരവിന്ദ്, അനില്‍.കെ, ഡോ ജലജ ആചാര്യ എന്നിവര്‍ പങ്കെടുത്തു.
ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടേയും നേതൃത്വത്തില്‍ സ്‌നേഹ ഇരുപ്പ് സമരം നടത്തി. കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ ‘സദാചാര ചൂരല്‍ ചൂല്‍’ വില്‍പ്പനയുണ്ടായിരുന്നു. പ്രകടനമായി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ ചൂലും ചൂരലും പോലീസിന് സമ്മാനിച്ചു.
എഐവൈഎഫുകാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചൂരല്‍ മാര്‍ച്ച് നടത്തി. ഇവരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.
















