കണ്ണൂര്‍: തെക്കന്‍ കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിധ്യമുള്ളതായി ഉന്നത രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കേരളത്തിലോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ പ്രവര്‍ത്തിക്കുന്ന ഐഎസ് ഘടകങ്ങളുമായി ഈ സംഘം ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ഒക്‌ടോബറില്‍ കനകമലയില്‍ നിന്ന് ഐഎസ് സംഘത്തില്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവരുമായും ഈ സംഘത്തിന് ബന്ധമില്ല. സംഘത്തില്‍ പത്തില്‍ത്താഴെ അംഗങ്ങള്‍ മാത്രമേയുള്ളു. തലശ്ശേരി, വടകര, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള സംഘാംഗങ്ങളില്‍ രണ്ടുപേര്‍ അന്‍പത് വയസ്സ് കഴിഞ്ഞവരാണ്. എല്ലാവരും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തവരാണ്.
ഇതില്‍ ഒരാള്‍ മാസങ്ങള്‍ക്ക് മുമ്പ് സിറിയയിലേക്ക് കടക്കാനും ഐഎസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാകാനും ശ്രമിച്ചിരുന്നു. സംഘത്തില്‍പ്പെട്ട തലശ്ശേരി സ്വദേശി സിറിയയിലുള്ള ഐഎസ് നേതൃത്വവുമായി സജീവബന്ധം പുലര്‍ത്തുകയും ഔദ്യോഗിക വക്താവുമായി സംസാരിക്കുകയും ചെയ്തതായി സൂചന ലഭിച്ചിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത ഇയാള്‍ക്ക് മൂന്ന് പാസ്‌പോര്‍ട്ടുള്ളതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് നൈജീരിയക്കാരനായ ഒരാള്‍ പണം കൊടുത്ത് ഇയാളെ മതംമാറ്റുകയായിരുന്നു. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരാകുന്നതിന് മുമ്പ് അംഗങ്ങളില്‍ പലരും മുജാഹിദ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരും സലഫി ആശയങ്ങളുടെ വക്താക്കളുമായിരുന്നു.
2011 ല്‍ അമേരിക്കന്‍ ആളില്ലാ വിമാനം നടത്തിയ അക്രമണത്തില്‍ കൊല്ലപ്പെട്ട വിവാദ അമേരിക്കന്‍ പ്രഭാഷകന്‍ അന്‍വര്‍-അല്‍-അവ്‌ലാക്കിയുടെ പ്രഭാഷണങ്ങളും അണ്ടര്‍ ദി ഷാഡോ ഓഫ് ദി സോഡ് എന്ന അറബി ഭാഷയില്‍ രചിച്ച പുസ്‌കവുമാണ് ഇവരുടെ പ്രധാന പ്രചരണായുധം. ഇയാളുടെ പ്രഭാഷണങ്ങള്‍ യു ട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. യഥാര്‍ത്ഥ ഇസ്ലാം എന്തെന്നറിയാന്‍ അവ്‌ലാക്കിയുടെ പ്രസംഗം കേള്‍ക്കണമെന്ന നിലയില്‍ ചില അംഗങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
















