കൊച്ചി: പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലമല്ല കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വി.എം. സുധീരന്‍ രാജിവച്ചതെന്നും പുതിയ പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യകാരണങ്ങളാലാണ് സുധീരന്‍ രാജിവച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍ പോയി സുധീരനെ താന്‍ സന്ദര്‍ശിച്ചിരുന്നു. അപ്പോഴൊന്നും രാജിക്കാര്യം സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ ഉച്ചയ്‌ക്ക് ഫോണില്‍ വിളിക്കുമെന്നും ലഭ്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രെയിന്‍ യാത്രക്കിടെയാണ് അദ്ദേഹം രാജിക്കാര്യം വിളിച്ചു പറയുന്നത്. രാജിവെക്കേണ്ടെന്നും അസുഖമാണെങ്കില്‍ വൈസ് പ്രസിഡന്റുമാരില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കാമെന്നും താന്‍ പറഞ്ഞു. പക്ഷേ സമ്മര്‍ദ്ദം ചെലുത്തിയിട്ടും രാജിയില്‍ പിന്‍മാറാന്‍ സുധീരന്‍ തയ്യാറായില്ല.
സുധീരന്‍ മാറിയത് കോണ്‍ഗ്രസിന് ഗുണകരം: വെള്ളാപ്പള്ളി
ആലപ്പുഴ: വി.എം. സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനാല്‍ ഇനി കോണ്‍ഗ്രസിന് നല്ലകാലമായിരിക്കുമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു ഗ്രൂപ്പിനും വേണ്ടാത്ത ഇദ്ദേഹം കോണ്‍ഗ്രസിന് നഷ്ടം മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. നേരത്തെ രാജിവച്ചുപോയിരുന്നെങ്കില്‍ കൂടുതല്‍ മാന്യത ലഭിക്കുമായിരുന്നു. ചേപ്പാട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരണമോയെന്ന് പുനര്‍ചിന്തനം നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഇതുവരെ പാര്‍ട്ടിക്ക് സ്ഥാനമാനങ്ങളൊന്നും കിട്ടിയില്ല. അതിനാലാണ് എന്‍ഡിഎ പ്രതിനിധികള്‍ക്കൊപ്പം തുഷാര്‍ ദല്‍ഹിക്ക് പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
















