കൊച്ചി: വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. മുന്‍മന്ത്രി ഇ.പി. ജയരാജന്‍ ബന്ധുവായ പികെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്‌ഐഇ) എംഡിയായി നിയമിച്ചതിനെതിരായ വിജിലന്‍സ് കേസിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉത്തരവിന്റെ പകര്‍പ്പ് അഡ്വക്കേറ്റ് ജനറല്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പു സെക്രട്ടറി, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ തുടങ്ങിയവര്‍ക്ക് നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്.
ബന്ധുനിയമനത്തിന്റെ പേരില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ പി.കെ. സുധീര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സിനോടു വിശദീകരണം തേടിയിരുന്നു. ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്. വിവാദമായ നിയമനത്തിന്റെ പേരില്‍ ആരും നേട്ടമുണ്ടാക്കിയില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായാണ് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയത്.
വിവാദ നിയമനത്തിലൂടെ ഹര്‍ജിക്കാരനോ മറ്റേതെങ്കിലും പ്രതിക്കോ നേട്ടമുണ്ടായോ എന്നതായിരുന്നു കോടതിയുടെ ചോദ്യം. വിജിലന്‍സ് കേസെടുക്കുന്നതിനു മുമ്പു തന്നെ റദ്ദാക്കിയ നിയമനത്തിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്ന ചോദ്യത്തിന് വിജിലന്‍സ് മറുപടി നല്‍കിയില്ല. മന്ത്രിയെന്ന നിലയില്‍ ഇ.പി. ജയരാജന്‍ നടത്തിയ നിയമനത്തിന്റെ നിയമ സാധുതയും ലക്ഷ്യവും അന്വേഷിക്കുന്നുണ്ടെന്നാണ് സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ഭരണഘടന സ്ഥാപിതമായ അടിസ്ഥാനത്തിലുള്ള കോടതികളും ട്രൈബ്യൂണലുകളുമുണ്ട്. വിജിലന്‍സിന്റെ പരിധി വിട്ടുള്ള അന്വേഷണം അനുവദിക്കാനാവില്ല. സിബിഐ, എന്‍ഐഎ എന്നിവയെപ്പോലെ വിജിലന്‍സ് പ്രത്യേക ഏജന്‍സിയല്ല. കേരള പോലീസിന്റെ ഭാഗം മാത്രമാണ് കോടതി വ്യക്തമാക്കി.
















