ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജിജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചപ്പോള്‍
കോഴിക്കോട്: ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ് നയിക്കുന്ന അടുത്തുവരൂ ഒപ്പം നീങ്ങാം എന്ന സന്ദേശയാത്രയുടെ ഭാഗമായി കാന്തപുരം എ.പി. അബുബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭ്യമായ നേട്ടങ്ങളും പദ്ധതികളും വിശ്വാസികളിലെത്തിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശം. ഫെബ്രുവരി ആറിന് തിരുവനന്തപുരത്തുനിന്നാരംഭിച്ച യാത്രയുടെ ഭാഗമായി ഇതിനകം 70 ഓളം മത മേലധ്യക്ഷന്മാരെ യാത്രാ സംഘം സന്ദര്‍ശിച്ചു കഴിഞ്ഞു.
ജില്ലയിലെത്തിയ സംഘം ഡോ. ഹുസൈന്‍ മടവൂര്‍, ജമാ അത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുള്‍ അസീസ്, താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍, യാക്കോബായ സഭാധ്യക്ഷന്‍ പൗലോസ് മാര്‍ ഐറാനിയോസ് എന്നിവരെയും സന്ദര്‍ശിച്ചു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. സുലൈമാന്‍, സംസ്ഥാന സമിതി അംഗങ്ങളായ ഡെന്നി ജോസ് വെളിയത്ത്, പി.കെ. ഫിലിപ്പ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. റിഷാല്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി ജോണി കുമ്പിളുങ്കല്‍ തുടങ്ങിയവര്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.
















