കൊച്ചി: ലാവ്ലിന്‍ കേസിന്റെ അന്വേഷണ ഘട്ടത്തില്‍ പ്രതികളായവരെക്കുറിച്ചും ഇവരെ പ്രതി ചേര്‍ക്കാനുള്ള സാഹചര്യത്തെക്കുറിച്ചും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റ വിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി മാര്‍ച്ച് 15 ലേക്ക് മാറ്റി.
സാക്ഷിമൊഴികളോ വസ്തുതകളോ പരിഗണിക്കാതെയാണ് സിബിഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതെന്ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയശേഷം പ്രാരംഭഘട്ടത്തില്‍ തന്നെ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കോടതി വിലയിരുത്തി. വിചാരണയിലാണ് ഇക്കാര്യം വ്യക്തമാകേണ്ടതെന്നിരിക്കെ വസ്തുതകള്‍ കോടതി പരിഗണിച്ചില്ല-സിബിഐ വ്യക്തമാക്കി. സിബിഐ വേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സിംഗിള്‍ബെഞ്ച് വിശദീകരണം തേടിയത്.
ലാവ്ലിന്‍ കരാറിലെ വ്യവസ്ഥകള്‍ എന്താണ്, കാന്‍സര്‍ സെന്ററിന് ഫണ്ടു നല്‍കാമെന്ന ഓഫര്‍ ആദ്യ കരാറിലോ ധാരണാ പത്രത്തിലോ ഉണ്ടായിരുന്നോ എന്നിങ്ങനെ ഒമ്പതു വിഷയങ്ങളിലും വിശദീകരണം തേടിയിട്ടുണ്ട്. സിബിഐ ഉള്‍പ്പടെ കേസിലെ കക്ഷികള്‍ക്ക് വിശദീകരണം നല്‍കാം. വിവിധ ഗണത്തിലുള്ള പ്രതികളുടെ ഗൂഢാലോചനയും ഇടപാടുകളും ഉള്‍പ്പെട്ട കേസായതിനാലാണ് വിശദീകരണം തേടുന്നതെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
കരാറിലെ കക്ഷികള്‍ ആരാണ്? കരാറിനു വഴിയൊരുക്കിയ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ ആരാണ്? കരാറിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്? ആദ്യ കരാറിന്റെ പേരില്‍ ആരെയൊക്കെ പ്രതികളാക്കി? ഈ കരാറിലെ ഗൂഢാലോചനയെന്താണ്? പുതുക്കിയ കരാറിന്റെ വിശദാംശങ്ങള്‍, ആരൊക്കെയാണ് കക്ഷികള്‍? കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ആരെയൊക്കെ പ്രതികളാക്കി? ഇവരെ പ്രതികളാക്കാനുള്ള സാഹചര്യവും തെളിവുകളും എന്താണ്?
സിബിഐ ആരോപിക്കുന്ന ഗൂഢാലോചനയുടെ സ്വഭാവം എന്താണ്? കാന്‍സര്‍ സെന്ററിന് ഫണ്ട് നല്‍കാമെന്ന ലാവ്ലിന്റെ വാഗ്ദാനം ധാരണാപത്രത്തിലോ ആദ്യ കരാറിലോ ഉണ്ടായിരുന്നോ? ലാവ്ലിന്‍ കമ്പനി ഇത്തരമൊരു വാഗ്ദാനം നല്‍കാനുണ്ടായ സാഹചര്യമെന്താണ്? ഏതു സാഹചര്യത്തിലാണ് കെഎസ്ഇബി ഓഫര്‍ സ്വീകരിച്ചത്? എന്നീ കാര്യങ്ങളിലാണ് സിബിഐ ഉള്‍പ്പെടെയുള്ളവരോട് കോടതി വിശദീകരണം തേടിയത്.
















