പത്തനാപുരം: പുത്തനുടുപ്പും ബാഗുമായി അവര്‍ പളളിക്കുടത്തിലെത്തി. ഗോത്രസാരഥിയിലൂടെ… അധ്യയന വര്‍ഷം ആരംഭിച്ചിട്ടും സ്‌കൂളില്‍ പോകാനാകാതെ വിഷമിച്ചിരുന്ന വനവാസി കുട്ടികള്‍ക്ക്’ ജന്മഭൂമി ‘വാര്‍ത്തയാണ് തുണയായത്.
പത്തനാപുരം പാടം കിഴക്കേ വെളളംതെറ്റി വനവാസി കോളനിയിലെ കുട്ടികളായിരുന്നു വാഹന സൗകര്യമില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാനാകാതെ പഠനം നഷ്ടപ്പെട്ട് ഊരുകളില്‍ കഴിഞ്ഞിരുന്നത് ‘ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ വാര്‍ത്തയിലൂടെയാണ് കുരുന്നുകളുടെ ദുരിതം പുറംലോകമറിഞ്ഞത്.
വാഹന സൗകര്യമില്ലാത്ത വനവാസി ഊരുകളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാന്‍ ആരംഭിച്ച ഗോത്രസാരഥി പദ്ധതി അധ്യയന വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കാഞ്ഞതോടെയാണ് ഇവരുടെ പഠനം മുടങ്ങിയത്. പ്രതിഷേധം ശക്തമായപ്പോള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് താല്‍ക്കാലിക ഗോത്രസാരഥി സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറാവുകയായിരുന്നു. ഇന്നലെ മുതല്‍ താല്‍കാലികമായി ഏര്‍പ്പെടുത്തിയ ജീപ്പ് വനവാസി ഊരിലെത്തി. ഹര്‍ഷാവരത്തോടെയാണ് ഊരു നിവാസികള്‍ ഗോത്രസാരഥിയെ വരവേറ്റത്. പട്ടികവര്‍ഗ്ഗ വകുപ്പ് നേരിട്ടാണ് ജീപ്പ് ഉടമയ്‌ക്ക് വാടക നല്‍കുന്നത്.
പുതിയ ടെണ്ടര്‍ ക്ഷണിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാലാണ് ഇത്. സ്‌കൂള്‍ തുറന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലയിലെ ഒരു സ്‌കൂളിലും ഇതുവരെ പദ്ധതിക്കായി പട്ടിക വര്‍ഗ്ഗ വകുപ്പ് അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. കിഴക്കേ വെളളം തെറ്റിയില്‍ നിന്നും പതിനഞ്ച് കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം വരെ മുടങ്ങാതെ സ്‌കൂളില്‍ എത്തിയിരുന്നത്.
വനത്തിലൂടെ ആറ് കിലോ മീറ്റര്‍ കാല്‍നട യാത്ര ചെയ്ത് വേണം പാടം ഗവ. എല്‍.പി സ്‌കൂളില്‍ എത്താന്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആനയടക്കമുളള വന്യമ്യഗങ്ങളുടെ ആക്രമണങ്ങള്‍ പതിവായതിനാല്‍ ഊരുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവിടുത്തുകാര്‍. അതിനാല്‍ കുട്ടികളെ കാല്‍നടയാത്രയായി കിലോമീറ്ററുകള്‍ താണ്ടി സ്‌കൂളില്‍ എത്തിക്കുവാനും കഴിഞ്ഞിരുന്നില്ല. സ്‌കൂളിലെത്തിയ കുട്ടികളെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. കുറച്ച് താമസിച്ചങ്കിലും കൂട്ടുകാരെ കാണാന്‍ കഴിഞ്ഞതിന്റെസന്തോഷത്തിലായിരുന്നു അവര്‍.
















