വൈകുണ്ഠ സ്വാമിയുടെ 208-ാം ജയന്തി സമ്മേളനം എഎന്‍എ ചെയര്‍മാന്‍ ഡോ. രാജീവലോചനന്‍ ഉദ്ഘാടനം ചെയ്യുന്നു
കട്ടപ്പന: വൈകുണ്ഠ സ്വാമിയുടെ പേരില്‍ സാംസ്‌കാരിക കേന്ദ്രം അനുവദിക്കണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പുഞ്ചക്കരി സുരേന്ദ്രന്‍. വൈകുണ്ഠ സ്വാമിയുടെ 208-ാം ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു ലോകം, ഒരു യുഗം, ഒരു മൊഴി, ഒരു ദൈവം, ഒരു ജാതി, ഒരു മതം, ഒരു ഗോത്രം എന്ന ആശയം ലോകത്ത് ആദ്യമായി ഉപദേശിച്ചത് വൈകുണ്ഠ സ്വാമിയാണ്. ജാതിപരമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനും, സാമൂഹ്യ സാമ്പത്തിക വൈജ്ഞാനിക മേഖലകളില്‍ എല്ലാ മനുഷ്യര്‍ക്കും സമത്വം ഉറപ്പാക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. വൈകുണ്ഠ സ്വാമികള്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹികവും, ആത്മീയവുമായ പ്രവര്‍ത്തനങ്ങളെ കേരളത്തില്‍ മാറി മാറി ഭരണം നടത്തുന്ന മുന്നണികള്‍ വേണ്ടത്ര അളവില്‍ അംഗീകരിക്കുന്നതിനോ ആദരിക്കുന്നതിനോ പരിശ്രമിച്ചിട്ടില്ല.
നാടാര്‍ സമുദായം വൈകുണ്ഠ സ്വാമികളുടെ ആശയങ്ങളുടെ സഹായത്തോടെ സംഘടിക്കണം. നാടാര്‍ സമുദായത്തിന്റെ എല്ലാ പിന്നോക്കാവസ്ഥയ്‌ക്കും ഇതുവഴി പരിഹാരം കാണാന്‍ കഴിയും. ഈ സമുദായം നേരിടുന്ന മതംമാറ്റ ഭീഷണിക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 11,000 ക്രിസ്ത്യന്‍ സംഘടനകളുടെ നിരോധനം ഗുണം ചെയ്യുമെന്നും പുഞ്ചക്കരി സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ മണി അധ്യക്ഷത വഹിച്ചു. എഎന്‍എ ചെയര്‍മാന്‍ ഡോ. രാജീവലോചനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിറമണ്‍കര വാസുദേവന്‍, ആര്‍ നാരായണന്‍ നാടാര്‍, ആര്‍ വേലുസ്വാമി, പ്രസന്ന രാജാമണി തുടങ്ങിയവര്‍ സംസാരിച്ചു.
















