ന്യൂദല്‍ഹി: മുന്‍കൂര്‍ അനുമതിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ ബന്ധപ്പെട്ട വ്യക്തികളെയോ വാണിജ്യ, പരസ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറക്കി. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ചില വാണിജ്യ സ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്‍പ്പങ്ങളുടെ വിപണനത്തിനായി ഉപയോഗിച്ചതിനെത്തുടര്‍ന്ന് ചിഹ്‌നങ്ങളുടെയും പേരുകളുടെയും ദുരുപയോഗം തടയുന്നതുമായി ബന്ധപ്പെട്ടുള്ള 1950ലെ നിയമത്തിലെ മൂന്നാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രനിര്‍ദ്ദേശം.
അടുത്തിടെ തങ്ങളുടെ ഉല്‍പ്പങ്ങളുടെ വിപണനം ഉദ്ദേശിച്ചു കൊണ്ട് പത്രങ്ങളിലും മറ്റും ഇത്തരം ചില വ്യക്തികളെയും ചിഹ്‌നങ്ങളെയും ദുരുപയോഗം ചെയ്ത് പരസ്യം നല്‍കിയിരുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിന്റെ 3-ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള വ്യക്തികളെ ഒഴികെ മറ്റാരെയും ഒരു സ്ഥാപനത്തിന്റെയും വസ്തുവിന്റെയും വിപണനത്തിന് ഉപയോഗിക്കാന്‍ പാടില്ല. അതുപോലെ പട്ടികയില്‍ പറഞ്ഞിട്ടുള്ള ഏതെങ്കിലും ചിഹ്നങ്ങളോ, ട്രേഡ്മാര്‍ക്കുകളോ, പ്രൊഫഷനുകളോ പേറ്റന്റുകളോ ഇവയുടെ അനുകരണങ്ങളോ ഇത്തരത്തില്‍ ഉപയോഗിക്കാനും പാടുള്ളതല്ല. കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂട്ടിയുള്ള അനുമതി ഇതിന് ആവശ്യമാണ്.
പേരുകളും ചിഹ്‌നങ്ങളും അനധികൃതമായി ഉപയോഗിക്കുന്നത് നിയമനടപടികള്‍ ക്ഷണിച്ചു വരുത്തുമെന്നതിനാല്‍ എല്ലാ പ്രസിദ്ധീകരണങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ആര്‍എന്‍ഐ ഡയറക്ടര്‍ ജനറല്‍ എസ്. എം ഖാന്‍ അറിയിച്ചു. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുതിന് മുമ്പ് നിയമത്തിലെ മൂന്നാംവകുപ്പ് പ്രകാരം അവയിലുപയോഗിച്ചിട്ടുള്ള വ്യക്തികളുടെയും ചിഹ്‌നങ്ങളും ഉപയോഗിക്കാന്‍ മുന്‍കൂട്ടി അനുമതി തേടിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വ്യക്തത വരുത്തണമെന്നും എസ്.എം. ഖാന്‍ അറിയിച്ചു.
















