ഗീതാ പാരായണ മത്സരത്തിനിടെ മകള്‍ ഫിര്‍ദൗസിനു സമീപം അമ്മ അരിഫ ബീബി
ഭുവനേശ്വര്‍: ഇക്കഴിഞ്ഞ ദിവസമാണ് പൊതുവേദിയില്‍ ഹിന്ദു ഭക്തിഗാനം പാടിയ മുസ്ലിം പെണ്‍കുട്ടിക്കെതിരെ 46 മുല്ലമാര്‍ പാടരുതെന്ന് ഫത്വ പുറപ്പെടുവിച്ചത്. എന്നാലിതാ ഒഡിഷയില്‍ നിന്നും ഒരു മുസ്ലിം ബാലിക ഭഗവദ്ഗീത ചൊല്ലിക്കൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്തി ഒന്നാമത് എത്തിയിരിക്കുന്നു.
ഒഡിഷയിലെ കേന്ദ്രപാര ജില്ലയില്‍ നിന്നുളള ഫിര്‍ദൗസാണ് ഈ കൊച്ചുമിടുക്കി. കേന്ദ്രപ്പാരയിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഗീതാപാരായണ മത്സരം സംഘടിപ്പിച്ചത്. ആകെ 46 കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ 100ല്‍ 97.5 മാര്‍ക്ക് നേടിയാണ് ഫിര്‍ദൗസ് ഒന്നാമതെത്തിയത്.
ശ്ലോകങ്ങള്‍ തെറ്റാതെ ചൊല്ലാനുളള കഴിവ്, അവതരണ രീതി, സദസ്യരുടെ അഭിപ്രായം, ശബ്ദം എന്നീ മാനദണ്ഡങ്ങളാണ് വിജയിയെ തീരുമാനിച്ചത്. മകള്‍ ഗീത ചൊല്ലിത്തീരുന്നതു വരെ അമ്മ അരിഫ ബീബി അവളുടെ സമീപം തന്നെയുണ്ടായിരുന്നു.
”ഒരു മുസ്ലിം പെണ്‍കുട്ടി മത്സരത്തില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യം ഞങ്ങള്‍ ഭയന്നു. അവളുടെ അച്ഛനമ്മമാരുടെ അനുവാദം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നു തോന്നി. എന്നാല്‍ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അവര്‍ അനുവാദം തന്നെന്നു മാത്രമല്ല മത്സര വേദിയില്‍ മകളോടൊപ്പം തന്റെ സാന്നിദ്ധ്യം വേണമെന്ന് കൂടി അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു”- മത്സരത്തിന്റെ വിധികര്‍ത്താക്കളിലൊരാളായ അക്ഷയ പനി പറഞ്ഞു.
കേന്ദ്രപാരയിലെ ശോഭനീയ ശിക്ഷാശ്രമ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഫിര്‍ദൗസ്, സ്‌കൂളിലെ പ്രാര്‍ത്ഥനാ ക്ലാസിന്റെ ഭാഗമായാണ് ഭഗവദ് ഗീത ചൊല്ലിപ്പഠിച്ചു തുടങ്ങിയത്.
















