നാദാപുരം: മാരകായുധങ്ങളുമായി യൂത്ത് ലീഗ് പ്രവര്‍ത്തകനെ വധിക്കാനെത്തിയ വിമതലീഗ് ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേര് പൊലിസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന നാലു പേര് ഓടി രക്ഷപ്പെട്ടു. പെരുമുണ്ടശ്ശേരി മഠത്തും താഴക്കുനി അമീര്‍ (28), മലയില്‍ റഹീം (23), കടമേരിയിലെ കുനോം താഴക്കുനി മുനീര്‍ (28) എന്നിവരാണ് പിടിയിലായത്.
നാദാപുംരം കൊട്ടാരം ഫര്‍ണിച്ചറിനു സമീപം കരാട്ടേ ക്ലാസ്സ് നടത്തുന്ന എളയടത്തെ ശാഖാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുണ്ടോളം വീട്ടില്‍ റാഷിദിനെ ആക്രമിക്കാന്‍ ആണ് സംഘം കഴിഞ്ഞ ദിവസം രാത്രി 9. 30 മണിയോടെ നാദാപുരത്തെത്തിയത്. എന്നാല്‍ നാദാപുരം എസ്ഐ കെ.എസ്. അജേഷിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ഇവരുടെ ദൗത്യം പരാചയപ്പെടുകയായിരുന്നു. നാദാപുരം ടൗണില്‍ സംശയാസ്പദമായ നിലയില്‍ കണ്ട ടെമ്പോട്രാവലര്‍ വാഹനം പരിശോധിച്ച എസ്ഐ മാരകായുധങ്ങളുമായി എത്തിയ സംഘത്തെ പിടികൂടുകയായിരുന്നു. ഇതിനിടയിലാണ് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടത്. രണ്ടു വടി വാള്, സ്പ്രിംഗിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രത്യേകതരം ആയുധം, ഇരുമ്പ് വടികള്‍ എന്നിവ ഇവരില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തു.
നേരത്തെ പ്രദേശത്തു ലീഗിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന സംഭവം. ഗ്രൂപ്പ് പോര് കാരണം കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ശക്തികേന്ദ്രമായ ഇവിടെ വിമതസ്ഥാനാര്‍ഥി പിടിച്ചെടുക്കുകയായായിരുന്നു. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ലീഗ് നേതൃത്വം പലതവണ ശ്രമിച്ചിട്ടും ഇരു ചേരികളിലായുള്ള പ്രവര്‍ത്തനം ഇവിടെ തുടരുകയാണ്. കഴിഞ്ഞ മാസം സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നം നടക്കുകയും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കെതിരെ ഒരു വിഭാഗം രംഗത്തു വരികയും പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ക്വട്ടേഷന്‍ ആക്രമണ നീക്കങ്ങളും ഉണ്ടായത്.
റാഷിദിനെ ഫോണില്‍ വിളിച്ച് ഉടന്‍ കാണണമെന്ന് ആവശ്യപ്പെട്ടാണ് റഹീമും സംഘവും മറ്റുള്ളവരുമായി നാദാപുരത്തെത്തിയത്. ഫോണ്‍ മുഖാന്തിരം വിളിച്ചു വരുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വധിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് നാദാപുരത്ത് ടൂറിസ്റ്റ് സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനം സംഘം വാടകക്കെടുക്കുകയും ചെയ്തിരുന്നു. ഈ വാഹനത്തില്‍ നാദാപുരത്ത് എത്തിയ ഇവര്‍ പൊലീസിനെ കണ്ട് ചിതറി ഓടിയതാണ് പൊലീസിന് ഇവരെക്കുറിച്ചു സംശയത്തിനിടയാക്കിയത്. നേരത്തെ എളയടം ഭാഗങ്ങളില്‍ നടന്ന നിരവധി അക്രമസംഭവങ്ങളില്‍ മൂന്നുപേരും പ്രതികളാണ്. ആയുധം കൈവശം വക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: