ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യം മലയാളത്തില്‍ സാര്‍വത്രികമായി പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച സന്യാസി ശ്രേഷ്ഠനാണ് സിദ്ധിനാഥാനന്ദ സ്വാമികള്‍. ആ മഹാത്മാവിന്റെ വചനാമൃതപരിഭാഷ മലയാളികളെ വേദോപനിഷത്തുകളുടെയും പുരാണേതിഹാസങ്ങളുടെയും പഠന-മനത്തിലേക്ക് പ്രചോദിപ്പിക്കുകയുണ്ടായി. സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ നടക്കുകയാണ് ഈ വര്‍ഷം.
അനിര്‍വാച്യമായ അനുഭൂതിയും നിഷ്കൃഷ്ടമായ പാണ്ഡിത്യവും നിര്‍ദ്ദോഷമായ നര്‍മ്മബോധവും നിപുണമായ രചനാവിശേഷവും സമഞ്ജസമായി സമന്വയിച്ച സാഹിത്യകൃതികളുടെ സ്രഷ്ടാവായിരുന്നു ശ്രീമദ് സിദ്ധിനാഥാനന്ദ സ്വാമികള്‍. എഴുപതാണ്ടില്ക്കവിഞ്ഞ നൈരന്തര്യം അവകാശപ്പെടാവുന്ന ആത്മീയ സംസ്കാരത്തിന്റെ പരിണതഫലമാണിത്. സിദ്ധിനാഥാനന്ദ സ്വാമികളെ സാഹിത്യകുലപതിയായ സന്ന്യാസിശ്രേഷ്ഠനായി സാഹിത്യലോകം കാണുന്നതും അതുകൊണ്ടുതന്നെ. മലയാളസാഹിത്യനിരൂപണ രംഗത്തെ മേധാവിയായിരുന്ന കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണശൈലിയെ അഭിനന്ദിക്കുമ്പോഴും അദ്ദേഹത്തിന്റെ നിഗമനങ്ങളില്‍ പലതിനെയും വിമര്ശിക്കുവാനുള്ളസ്വതന്ത്രബുദ്ധിയും ധീരതയും സ്വാമികള്‍ കാണിച്ചിരുന്നു. സ്വാമികളുടെ അഭിപ്രായങ്ങള്‍ക്കെല്ലാം വ്യക്തതയും ദൃഢതയുമുണ്ടായിരുന്നു.
എഴുത്തിലും പ്രഭാഷണങ്ങളിലും സ്വാഭിപ്രായ പ്രകടനത്തിലല് അസാമാന്യമായ നിര്‍ഭയത്വം അദ്ദേഹത്തിനുണ്ടായിരുന്നു. മാരാരുടെ ”ഭാരതപര്യടനം” എന്ന പ്രശസ്തമായ പുസ്തകം ആംഗലേയത്തിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സ്വാമികള്‍ രോഗബാധിതനായത്. ആ പുസ്തകത്തിന്റെ അവസാനത്തെ അദ്ധ്യായം മാത്രമേ വിവര്‍ത്തനം ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.
സന്യാസിയുടെ പൂര്വാശ്രമത്തിന് പ്രസക്തിയില്ല. എന്നിരുന്നാലും സര്വശ്രേഷ്ഠനായ ഒരു സന്യാസിവര്യന്റെ ജീവിതയാത്ര മനുഷ്യനന്മയില് വിശ്വസിക്കുന്ന ഏതൊരാള്‍ക്കും മാര്ഗദര്ശകമാകുമെന്നതില് സംശയമില്ല. കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്ത് പേപ്പതീല് വീട്ടില്‍ 1918 മാര്‍ച്ച് 11 നായിരുന്നു ജനനം. നാരായണന് നായര്‍ എന്നായിരുന്നു പൂര്‍വാശ്രമ നാമധേയം. കുറിച്ചിത്താനം, കുറവിലങ്ങാട്, ഉഴവൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ ഒരുവര്‍ഷം സീനിയറായിരുന്നു ഈ വിദ്യാലയങ്ങളില്‍ അദ്ദേഹം.
പത്തൊമ്പതാമത്തെ വയസ്സില്‍ തൃശൂരില്‍ ശീരാമകൃഷ്ണ മഠത്തില്‍ ചേര്‍ന്നു. ആശ്രമത്തില്‍ ചേരുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സ്വാമികള്‍ പറയുന്നത് ഇപ്രകാരമാണ്, ”തൃശൂര്‍ ആശ്രമത്തില്‍ അച്ഛന്റെ ഒരു അനന്തരവനുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ കത്ത് കിട്ടി. ”നീ അവിടെ വെറുതെ ഇരിക്കുകയല്ലേ, ഇങ്ങോട്ട് വരിക” (കൊ.വ.1112 മകരം 12 ന്) ശബരിമല ദര്‍ശനം കഴിഞ്ഞ് വന്നതേ ഉണ്ടായിരുന്നുള്ളൂ. വൈകാതെ തൃശൂര്‍ ശ്രീരാമകൃഷ്ണമഠത്തിലെത്തി. അവിടുത്തെ ചുറ്റുപാടുകളും ജീവിതവും എനിക്കിഷ്ടപ്പെട്ടു. നല്ല ഗ്രന്ഥശാലയുമുണ്ടായിരുന്നു അവിടെ. വായിക്കാനും സൗകര്യം ലഭിച്ചു.
ശ്രീ വിവേകാനന്ദ സ്വാമികളുടെ ജീവചരിത്രം വളരെ ആവേശത്തോടെ വായിച്ചു. ”നിങ്ങള്‍ ഹിന്ദുക്കളുടെ വിശ്വാസപ്രകാരം പല ജന്മങ്ങളുണ്ട്. അതിലൊന്ന് പാവങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചുകൂടേ?” എന്ന് അതിലൊരിടത്ത് പറഞ്ഞിരുന്നു. ആ ചോദ്യം മനസ്സില്‍ തങ്ങിനിന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ബാംഗ്ലൂരില്‍ വേദാന്ത കോളജില്‍ പഠിക്കാന്‍ പോയി. നാല് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. പ്രിന്‍സിപ്പല്‍ ശ്രീവാസാനന്ദ സ്വാമികള്‍ പറഞ്ഞു, ആശ്രമത്തില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അപേക്ഷ അയക്കാമെന്ന്. അപേക്ഷിച്ചു. പ്രവേശനം ലഭിക്കുകയും ചെയ്തു. (മാതൃഭൂമി വാരാന്തപ്പതിപ്പ്, 2004 ഏപ്രില്‍ 11).
ശ്രീരാമകൃഷ്ണ സംഘത്തിന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തിലും ശാഖകളായ മദ്രാസ്, ജോലാര്‍പേട്ട, കാഞ്ചീപുരം, സേലം എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു. 1948 ല്‍ 29-ാമത്തെ വയസ്സില്‍ വിവേകാനന്ദ സ്വാമികളുടെ വത്സലശിഷ്യനായിരുന്ന ശ്രീമദ് സ്വാമി വിരജാനന്ദജി മഹാരാജില്‍നിന്ന് സന്യാസം സ്വീകരിച്ച് സ്വാമി സിദ്ധിനാഥാനന്ദയായി. സന്യാസത്തിനുശേഷം മദ്രാസ്, ബാംഗ്ലൂര്‍, കാലടി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളില്‍ സേവനം അനുഷ്ഠിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തില്‍ 16 വര്‍ഷം ഉണ്ടായിരുന്നു. 1982 ജനുവരി 11 മുതല്‍ കോഴിക്കോട് രാമകൃഷ്ണ മിഷന് സേവാശ്രമത്തിന്റെ അധിപനായി. ഇതിനിടെ കേരളത്തിനകത്തും പുറത്തും പല പദവികളിലും സ്വാമികള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
കേരള ഫിലോസഫിക്കല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. അമൃതഭാരതി വിദ്യാപീഠത്തിന്റെ കുലപതിയും തപസ്യ കലാ-സാംസ്കാരിക വേദിയുടെ രക്ഷാധികാരിയായും പ്രവര്‍ത്തിച്ചിരുന്നു.
കോഴിക്കോട് രാമകൃഷ്ണമിഷന്‍ സേവാശ്രമത്തിന്റെ മഠാധിപതി സ്ഥാനത്തുനിന്നും 1998 ജൂലായ് 22 ന് സ്വാമികള്‍ വിരമിച്ചു. എന്നിട്ടും ആ ജീവിതത്തിന് വിശ്രമമില്ലായിരുന്നു. 2004 മെയ് 11 ന് കാലത്ത് 8.45 ന് സമാധിയായി. രോഗബാധിതനാകുന്നതുവരെ, 86-ാം വയസ്സിലും ഏതൊരു അക്കാദമിക് പണ്ഡിതനും വിനിയോഗിക്കുന്നതിനേക്കാളുപരി സമയം വായനയ്ക്കും പഠനത്തിനും സ്വാമികള്‍ വിനിയോഗിച്ചിരുന്നു. എന്റെ ”ശ്രീരാമകൃഷ്ണ പ്രസ്ഥാനം കേരളത്തില്‍” എന്ന പുസ്തകത്തിന് അവതാരിക എഴുതി അനുഗ്രഹിച്ചത് സ്വാമികളായിരുന്നു. അതായിരുന്നു സ്വാമികളുടെ അവസാനത്തെ അവതാരികയും. ആ പുസ്തകം തയ്യാറാക്കുന്നതിന് അതിന്റെ ആരംഭം മുതല്‍ അവസാനം വരെ എനിക്ക് ആദ്യത്തെയും അവസാനത്തേയും അഭയസ്ഥാനം സ്വാമികളായിരുന്നു. സ്വാമികള്‍ സമാധിയാകുന്നതിന് ആറുമാസം മുന്‍പേ ആശ്രമത്തിലെ അന്തേവാസിയാകാന്‍ ലഭിച്ച ഭാഗ്യം, അദ്ദേഹത്തെ അടുത്തും അകന്നും അറിയുവാനുള്ള സൗഭാഗ്യമായി.
മരണം മുന്‍കൂട്ടിക്കണ്ട് സ്വാഗതം ചെയ്ത മഹാനായിരുന്നു വചനാമൃത പരിഭാഷകന്. ധര്‍മ്മത്തിന്റെ മര്‍മ്മം മനസ്സിലാക്കിയ സ്വാമികളുടെ മരണത്തോടുള്ള സമീപനം അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകൃതമായ ”സാധനയും സിദ്ധിയും” എന്ന ലേഖന സമാഹാരത്തില്‍ കാണാം. അക്ഷരങ്ങളിലൂടെ ആത്മീയാഗ്നി ജ്വലിപ്പിച്ച ആ സാധകന് മരണത്തെ സധൈര്യം സ്വീകരിക്കുന്നത് അവസാനനാളുകളില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചവര്‍ക്ക് അദ്ഭുതാദരങ്ങളോടുകൂടിയേ സ്മരിക്കാനാവൂ.
രൂപത്തിലും ഭാവത്തിലും സ്വാമികള്‍ മറ്റ് സന്യാസിമാരില്‍നിന്നും വ്യത്യസ്തനായിരുന്നു. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ആദ്യവസാനം വരെ കാത്തു സൂക്ഷിച്ചു. തികച്ചും അവശനാകുന്നതുവരെ സ്വാമികള്‍ സ്വന്തം വസ്ത്രം കഴുകുമായിരുന്നു. ഒരു പ്രവൃത്തിയും ഒട്ടും തിരക്കോടുകൂടി ചെയ്തിരുന്നില്ല. ഓരോ പ്രവൃത്തിയിലും പരിപൂര്‍ണത അങ്ങേയറ്റം ആവിഷ്കൃതമായിരുന്നു. ചുരുക്കത്തില്‍ നിത്യമായ ഉണ്മയെക്കുറിച്ചുള്ള ബോധം സിദ്ധിയായി ലഭിച്ച സാധകനായിരുന്നു, ശ്രീമദ് സിദ്ധിനാഥാനന്ദ സ്വാമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: