ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളുമായി സമനില പാലിച്ചപ്പോള്‍ മറ്റൊരു കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം നേടി.
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറോ 69-ാം മിനിറ്റില്‍ നേടിയ ഗോളാണ് ലിവര്‍പൂളിനെതിരെ സിറ്റിക്ക് സമനില നേടിക്കൊടുത്തത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നെങ്കിലും ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം കളിയുടെ 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി.
ബോക്സിനുള്ളില്‍ വച്ച് റോബര്‍ട്ടോ ഫിര്‍മിനോയെ ഗെയ്ല് ക്ലിച്ചി വീഴ്ത്തിയതിനാണ് പെനാല്‍റ്റി. കിക്കെടുത്ത ജെയിംസ് മില്‍നര്‍ ലക്ഷ്യം തെറ്റാതെ പന്ത് മാഞ്ചസ്റ്റര്‍ സിറ്റി വലയിലെത്തിച്ചു. പിന്നീട് 61-ാം മിനിറ്റില്‍ ഫിര്‍മിനോയുടെ ഷോട്ട് സിറ്റി ഗോളി കയ്യിലൊതുക്കി. എട്ട് മിനിറ്റിനുശേഷം സിറ്റി സമനില ഗോള്‍ കണ്ടെത്തി. കെവിന് ഡി ബ്രൂയന് നല്കിയ ക്രോസ് സ്വീകരിച്ച് ബോക്സിന്റെ മധ്യത്തില്‍ നിന്ന് സെര്‍ജിയോ അഗ്യൂറോ പായിച്ച ഷോട്ടാണ് ലിവര്‍പൂള്‍ വലയില്‍ കയറിയത്.
പിന്നീട് പരിക്കുസമയത്ത് സിറ്റിയുടെ അഗ്യൂറോ രണ്ട് അവസരങ്ങള്‍ കൂടി പാഴാക്കിയതോടെ കളി സമനിലയില്‍ കലാശിച്ചു. 28 കളികളില്‍ നിന്ന് 57 പോയിന്റുമായി മൂന്നാമതും 29 കളികളില്‍ നിന്ന് 56 പോയിന്റുമായി ലിവര്‍പൂള്‍ അഞ്ചാമതുമാണ്.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ മിഡില്‍സ്ബറോയെ തകര്‍ത്തു. 30-ാം മിനിറ്റില്‍ മാറോണ് ഫെല്ലെയ്നിയുടെ ഗോളില്‍ മുന്നിലെത്തിയ യുണൈറ്റഡ് രണ്ടാം പകുതിയില്‍ ലിംഗാര്‍ഡിന്റെ ഗോളിലൂടെ ലീഡ് രണ്ടാക്കി. ലോങ് റേഞ്ചില്‍ നിന്നായിരുന്നു ലിംഗാര്‍ഡിന്റെ ഗോള്‍. 77-ാം മിനിറ്റില്‍ ഗെസ്റ്റെഡെ മിഡില്സ്ബറോക്കായി ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നീട് ഇഞ്ചുറി ടൈമില്‍ അന്റോണിയ വലന്‍സിയയുടെ ഗോളിലൂടെ യുണൈറ്റഡ് വിജയമുറപ്പിച്ചു.
പ്രീമിയര്‍ ലീഗില്‍ 600-ാം ജയം എന്ന നേട്ടവും ഈ വിജയത്തോടെ യുണൈറ്റഡ് സ്വന്തമാക്കി. 27 കളികളില്‍ നിന്ന് 52 പോയിന്റുമായി യൂണൈറ്റഡ് അഞ്ചാമത്. പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ടോട്ടനവും ഞായറാഴ്ച വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അവര്‍ സതാംപ്ടണെ പരാജയപ്പെടുത്തി. ടോട്ടനത്തിനായി 14-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്സണും 33-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡെലെ അലിയും ഗോളുകള്‍ നേടിയപ്പോള്‍ സതാംപ്ടന്റെ ആശ്വാസഗോള്‍ നേടിയത് 52-ാം മിനിറ്റില്‍ വാര്‍ഡ് പ്രൊവ്സ്. 28 കളികളില്‍ നിന്ന് 59 പോയിന്റാണ് ടോട്ടനത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: