കൊച്ചി: നെഹ്റു കോളേജ് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന് ഡോ.പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജിലെ എല്‍എല്‍ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലി(22)യെ മര്‍ദിച്ച കേസില്‍ ഡോ.പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കവെ കേസില്‍ ഹര്‍ജിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് അഭിഭാഷകന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പൊതുജനഭിപ്രായപ്രകാരമല്ല കേസ് കൈകാര്യം ചെയ്യേണ്ടതെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
കൃഷ്ണദാസിനെതിരെ വിദ്യാര്‍ത്ഥി നല്കിയ പരാതിയില്‍ പറയാത്ത കാര്യങ്ങളാണ് പോലീസ് കൂട്ടിച്ചേര്‍ത്തതെന്നു കോടതി ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകലും പണാപഹരണവും എങ്ങനെ വന്നു? ജാമ്യം അനുവദിക്കാനാവാത്ത വകുപ്പുകള്‍ കൂട്ടിച്ചേര്ത്തിരിക്കുകയാണെന്നു കാണാനാവും. ഇത്തരത്തില്‍ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന് സര്‍വീസ് ഉണ്ടായിരിക്കാന്‍ യോഗ്യതയുള്ള വ്യക്തിയല്ല. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി പരാമര്‍ശം എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും സംരക്ഷിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
പരാതിക്കാരനില്ലാത്ത ആരോപണങ്ങള്‍ പോലീസ് കൂട്ടിച്ചേര്‍ക്കുകയും കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയുമാണ്. ഇത്തരം നടപടി അനുവദിക്കാനാവില്ല. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹര്‍ജിക്കാരനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് മറികടക്കാനാണോ പോലീസ് ഇത്തരം നടപടി സ്വീകരിച്ചതെന്നു കോടതി സംശയം പ്രകടിപ്പിച്ചു. ഇത്തരത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നു കരുതാനാവും, കോടതി വിമര്‍ശിച്ചു.
കേസില്‍ നിയമപരമായി പ്രവര്‍ത്തിക്കാന്‍ പോലീസ് തയാറാവണമെന്നു സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു. കേസ് ഡയറി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ ഇന്നു ഹാജരാക്കണമെന്നും കേസ് ഇന്നു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാമ്പാടി നെഹ്റു കോളജ് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന് ഡോ.പി. കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നു കണ്ടെത്തിയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
കൃഷ്ണദാസ് അറസ്റ്റില്‍
തൃശൂര്‍: നെഹ്റു കോളേജ് ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പി. കൃഷ്ണദാസിന്റെ അറസ്റ്റ് ഹൈക്കോടതിയിലും പുറത്തും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിനായി മുറവിളി ഉയര്‍ന്നെങ്കിലും ഇന്നലെ കൃഷ്ണദാസ് അറസ്റ്റിലായത് സമാനമായ മറ്റൊരു കേസില്‍.
നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ കോളേജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. കൃഷ്ണദാസിനൊപ്പം പിആര്‍ഒ വത്സലകുമാര്‍, അധ്യാപകന് സുകുമാരന്‍, ലീഗല്‍ അഡൈ്വസര്‍ സുചിത്ര എന്നിവരും അറസ്റ്റിലായി.
തൃശൂര്‍ റൂറല്‍ എസ്പി എന്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൃഷ്ണദാസിനെ വടക്കാഞ്ചേരിയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഷഹീറിനെ കൃഷ്ണദാസ് മര്‍ദിച്ചെന്നും ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. കോളേജിലെ അനധികൃത പണപ്പിരിവ് ചോദ്യം ചെയ്തതും ഇതിനെതിരെ കേന്ദ്ര സാമ്പത്തിക ഏജന്‍സികള്‍ക്കു പരാതി നല്‍കിയതുമാണ് ഷഹീറിനെ കൃഷ്ണദാസിന്റെയും സംഘത്തിന്റെയും കണ്ണിലെ കരടാക്കിയത്.
ഷഹീറിനെ എട്ടു മണിക്കൂറോളം കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചു. പുറത്തു പറഞ്ഞാല്‍ റാഗിങ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി കൂടിയായ കൃഷ്ണദാസ് ഈ കേസില്‍ ജാമ്യത്തിലാണ്. ജിഷ്ണു ആത്മഹത്യ ചെയ്യുതിന് മൂന്നു ദിവസം മുമ്പായിരുന്നു ഷഹീറിനു മര്‍ദ്ദനമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: