നാല്പ്പത്തിനാല് നദികള്‍. തൊള്ളായിരത്തോളം കൈവഴികള്‍. പ്രതിവര്‍ഷം 3000 മില്ലി മീറ്ററിലേറെ മഴ. 65 ലക്ഷത്തോളം കിണറുകള്‍. സമൃദ്ധമായ വനസമ്പത്തിനു പുറമേ കാലാവസ്ഥയുടെ കാവല്‍ക്കാരനായ പശ്ചിമഘട്ട മലനിരകള്‍. എണ്ണിയാലൊടുങ്ങാത്ത കുളങ്ങള്‍, ശുദ്ധജല തടാകങ്ങള്‍, അനവധി ചെറിയ തണ്ണീര്‍ത്തടങ്ങള്‍. ഇവയെല്ലാംകൊണ്ട് സമ്പന്നമാണ് കേരളം. പക്ഷേ ഓരോ ലോക ജലദിനങ്ങളും കടന്നുപോകുന്നത് ഓരോര്മപ്പെടുത്തലോടെയാണ്. പ്രതീക്ഷ കൈവിടാതെ ജലത്തെ ആവശ്യാനുസരണം ഉപയോഗിക്കുക എന്ന ഓര്‍മ്മപ്പെടുത്തല്‍.
2016ല്‍ കേരളത്തില്‍ കാലവര്‍ഷം 34 ശതമാനവും, തുലാവര്‍ഷം 62 ശതമാനവും കുറവാണുണ്ടായത്. 1997-98ലുണ്ടായ തീവ്രമായ എല്‍-നിനോ പ്രതിഭാസത്തിനുശേഷം കേരളത്തില്‍ അന്തരീക്ഷ ഊഷ്മാവ് വന്‍തോതില്‍ ഉയര്‍ന്നുതുടങ്ങി. കഴിഞ്ഞ വര്‍ഷം അതിലും രൂക്ഷമായ അവസ്ഥയായിരുന്നു. 2017 ജനുവരിയില്‍ 35, ഫെബ്രുവരിയില്‍ 36 ഡിഗ്രി എന്നിങ്ങനെയായിരുന്നു അന്തരീക്ഷ താപനില.
വരള്‍ച്ചയുണ്ടാക്കിയ കൃഷിനാശം
കടുത്ത വരള്‍ച്ചയില്‍ സംസ്ഥാനത്ത് 270 കോടിയുടെ കൃഷിനാശമുണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. കഴിഞ്ഞ നാല് മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് വരള്‍ച്ച മൂലം കേരളത്തിലുണ്ടായ വലിയ നഷ്ടമാണിതെന്നാണ്.
വിള, നഷ്ടം എന്ന ക്രമത്തില്‍
നെല്ല് – 145 കോടി
വാഴ – 47 കോടി
തെങ്ങ് – 35 കോടി
അടയ്ക്ക – 12 കോടി
പച്ചക്കറി – 1.5 കോടി
കുരുമുളക് – 12.4 കോടി
കാപ്പി – 2.8 കോടി
റബ്ബര്‍ വെട്ടുന്നത് – 5.2 കോടി
റബ്ബര്‍ വെട്ടാത്തത് – 12 ലക്ഷം
കിണറുകളിലെയും ജലനിരപ്പ് താഴുന്നു
സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ആന്റ് മാനേജ്മെന്റ് (സിഡബ്ല്യുആര്‍ഡിഎം), കേന്ദ്ര ഭൂജല ബോര്‍ഡ് എന്നിവയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് 65 ലക്ഷത്തോളം കിണറുകളാണുള്ളത്. പഠനത്തിനായി സംസ്ഥാനത്തെ 1300 ഓളം കിണറുകളുടെ ജലനിരപ്പ് പരിശോധിച്ചതില്‍ 82 ശതമാനത്തിന്റെയും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. തീരദേശമേഖല, ഇടനാട്, ഉയര്‍ന്നമേഖല എന്നിങ്ങനെ തിരിച്ചായിരുന്നു പഠനം. തീരമേഖലയില്‍ ഒന്നരമീറ്ററും ഇടനാടുകളില്‍ രണ്ടര മീറ്ററും ഉയര്‍ന്ന പ്രദേശങ്ങളില്‍ നാലു മീറ്റര്‍ വരെയും ഭൂഗര്‍ഭ ജലം താഴ്ന്നു. തീരമേഖലയില്‍ ജലനിരപ്പ് താഴുന്നതനുസരിച്ച് കടലില്‍നിന്ന് ഉപ്പു വെള്ളവും ക്രമാതീതമായി കയറിയിട്ടുണ്ട്. വരള്‍ച്ച രൂക്ഷമായാല്‍ ഏപ്രിലില്‍ ജലനിരപ്പ് ആറു മുതല്‍ എട്ട് മീറ്റര്‍ വരെ താഴുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വേനല്‍മഴയിലെ കുറവാണ് ജലനിരപ്പ് കുറയാന്‍ കാരണമായിരിക്കുന്നത്. കണക്ക് പ്രകാരം സാധാരണ 3000 മില്ലി ലിറ്റര്‍ മഴയാണ് വര്‍ഷത്തില്‍ ലഭിക്കുക. എന്നാല്‍, ഇത്തവണയിത് 1869 മില്ലി ലിറ്ററായി താഴ്ന്നു. 1131 മില്ലിലിറ്ററിന്റെ കുറവുണ്ടായി. രൂക്ഷമായ ജലക്ഷാമത്തെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. വെള്ളം സംഭരിച്ച് നിര്‍ത്തുന്ന കുന്നുകള്‍ നശിക്കുന്നതും നീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നതും നിലവിലെ സ്ഥിതിക്ക് കാരണമായി ഭൂജലവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
മാട്ടിറച്ചിക്കുവേണ്ടത് 15,000 ലിറ്റര്‍
ഒരു കിലോ മാട്ടിറച്ചിക്കുവേണ്ടി നാം ഉപയോഗിക്കുന്നത് 15,000 ലിറ്റര്‍ വെള്ളം. ഇറച്ചിക്കായി ജീവിയെ വളര്‍ത്തുന്നത് മുതലുള്ള കണക്കിലാണ് ഇത്രയും വെള്ളം ഉപയോഗിക്കപ്പെടുന്നത്. കോഴി ഇറച്ചിക്കായി 5000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കപ്പെടുന്നത്. ഒരു കിലോ അരി ഉല്പാദിപ്പിച്ചെടുക്കാന് 4000 ലിറ്ററും, ഗോതമ്പിന് 2000 ലിറ്റര്‍ വെള്ളവും ഉപയോഗിക്കുന്നുണ്ട്.
നദികളിലെ നീരൊഴുക്ക് കുറയുന്നു
കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കാലവര്‍ഷം കുറഞ്ഞുവരികയും, അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്നതായും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ 44 നദികളിലെയും നീരൊഴുക്ക് കുറഞ്ഞുവരുന്നതായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ആന്റ് മാനേജ്മെന്റ് നടത്തിയ പ്രാഥമിക പഠനത്തില്‍ തെളിഞ്ഞതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ഇ.ജെ. ജോസഫ് പറയുന്നു. ഉപരിതല-ഭൂഗര്‍ഭ സ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം കയറുന്നത് നിലവിലെ സ്ഥിതിയെ കൂടുതല്‍ മോശമാക്കും. കടല്‍ വെള്ളത്തിന്റെ നില ഉയരുന്നതും, ശുദ്ധജലസ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതും കുടിവെള്ള പദ്ധതികളെയും ബാധിക്കും.
കൃഷിയാവശ്യങ്ങള്‍ക്കായി കുട്ടനാട്ടില്‍ മാത്രം ഒരു വര്‍ഷം 500 ടണ്‍ കീടനാശിനിയാണ് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ജലസ്രോതസ്സുകളില്‍ കീടനാശിനിയുടെയും ഹെവിമെറ്റല്സ്സിന്റെയും കോളിഫോം ബാക്ടീരിയയുടെയും അളവ് കൂടുതലാണെന്നും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് വെളളം റീചാര്‍ജ് ചെയ്യാനുള്ള പദ്ധതികള്‍ കുറവായതിനാല്‍ കരുതല്‍ നടപടി എന്ന നിലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ 1980 മുതല്‍ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും വാര്‍ഷിക മഴയിലും ക്രമാനുഗതമായ മഴയില്‍നിന്ന് വന്നിട്ടുള്ള വ്യതിയാനം ശതമാനക്കണക്കില്‍:
വര്‍ഷം/ കാലവര്‍ഷം/ തുലാവര്‍ഷം/ വാര്‍ഷിക മഴ
2013 26 -10 12
2014 6 5 4
2015 -26 27 -11
2016 -34 -62 -36
കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ ആളോഹരി ജലലഭ്യത അല്പം കൂടുതലുണ്ട്. എന്നാല്‍ ജൈവവൈവിധ്യങ്ങള്ക്കുള്ള ജലലഭ്യത കൂടി കണക്കാക്കുമ്പോള്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് വിദഗ്ദര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് നിയമസഭയില്പറയേണ്ട സാഹചര്യമുണ്ടായി. വെള്ളം ഭരണഘടനയുടെ പൊതുപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നു.
ഹോട്ടലുകളില്‍ ഉള്‍പ്പടെ പൊതു ഇടങ്ങളില്‍ വെള്ളത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇനിയും ജനങ്ങള്‍ക്ക് ഇതേപ്പറ്റി ബോധ്യമുണ്ടായില്ലെങ്കില്‍ ജല ഉപയോഗത്തില്‍ നാം വിദേശ രാജ്യങ്ങളുടെ രീതികള്‍ പിന്തുടരേണ്ടതായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: