ബംഗാളിന്റെ ചെറിയൊരു ഭാഗമാണ് കമാര്പുക്കൂര്. ഭാരതത്തിന്റെ ചെറിയൊരു ഭാഗമാണ് ബംഗാള്‍. ലോകത്തിന്റെ ചെറിയൊരു ഭാഗമാണ് ഭാരതം. ശ്രീരാമകൃഷ്ണന്റെ മാഹാത്മ്യം കൊല്‍ക്കത്തയില്‍നിന്ന് ബംഗാളിലാകെ, ബംഗാളില്‍നിന്ന് ഭാരതത്തിലാകെ, ഭാരതത്തില്‍നിന്ന് ലോകമാകെ പ്രചരിച്ചു തുടങ്ങിയ കാലം.
അക്കാലത്താണ് ഏവര്‍ക്കും അവരവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവസരമൊരുക്കുന്നത് സര്വധര്മസമഭാവന പ്രചരിപ്പിച്ച ശ്രീരാമകൃഷ്ണസന്ദേശമാണെന്ന് വംഗകവിയായിരുന്ന കാജാ നസ്റുള്‍ ഇസ്ലാം അഭിപ്രായപ്പെട്ടത്.ഭ്രാന്താലയമായിരുന്ന നമ്മുടെ നാടിനെ നവോത്ഥാനത്തിന്റെ നവയുഗത്തിലേക്ക് നയിക്കുവാന്‍ ‘ഭക്തന്മാര്ക്കിടയില് ജാതിയില്ല’ എന്ന ശ്രീരാമകൃഷ്ണസൂക്തത്തിന് കഴിഞ്ഞു. ഈ സന്ദേശത്തിന്റെ പ്രായോഗിക രൂപമായിരുന്നു ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ നടന്നിരുന്ന സമൂഹ പന്തിഭോജനം.
ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പുതന്നെ ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ അധഃസ്ഥിതരെ പ്രവേശിപ്പിച്ചിരുന്നു. നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്ക് ആരാധനാസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ലഭിക്കുവാന്‍ ഇടയായതിന് ശ്രീരാമകൃഷ്ണസന്ദേശം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംഘങ്ങളെ നിയന്ത്രിക്കുന്ന പുരോഹിതന്മാരുടെ കെണികളില്‍ നിന്നും സാധാരണക്കാര്‍ക്കു മോചിതരാകുവാന്‍ കഴിയുമോ എന്ന പ്രശ്നത്തിനാണ് സമകാലികപ്രസക്തി. ദേശീയമോ മതപരമോ മറ്റേതെങ്കിലുമോ സംഘത്തില്പ്പെട്ടവന് സ്വാതന്ത്ര്യം സാദ്ധ്യമാകുമോ? ഇളകാത്ത കുളത്തിലാണ് ‘ദളം’ വളരുന്നതെന്ന് പരമഹംസര്‍ പറയാറുണ്ട്. ദളം എന്ന പദത്തിന് ബംഗാളിയില്‍ ‘പായല്‍’ എന്നും ‘സംഘം’ എന്നും രണ്ടര്‍ത്ഥമുണ്ട്.
സംഘടനകളുടെ പേരില്‍ പലവിധ ഭാവങ്ങളുമായി നടക്കുന്ന പൊയ്മുഖക്കാര്ക്ക് നമ്മുടെ നാട്ടില്‍ വേണ്ടത്ര വേരു പിടിക്കാന്‍ സാധിക്കാത്തതിന് കാരണം ശ്രീരാമകൃഷ്ണന്റെ തിരുവായ്മൊഴികള്‍ തന്നെയാണ്. ‘ഭാവമുഖത്തിലിരുന്ന് വര്‍ത്തിക്കുവാന്‍’ പരമഹംസരോട് അദ്ദേഹത്തിന്റെ വേദാന്തഗുരുവായ തോതാപുരി പറഞ്ഞിട്ടുണ്ട്. അഭിനവ പരമഹംസന്മാര് എന്ന നിലയില്‍ ‘സമകാലീന ഭാവപ്രചാരകന്മാര്’ ഇതിനായി നിരത്തുന്ന ന്യായീകരണങ്ങളെല്ലാം പരാജയപ്പെടുന്നതിന്റെ കാരണവും ശ്രീരാമകൃഷ്ണവചനാമൃതത്തില്‍ അന്തര്‍ലീനമായ ശക്തിവിശേഷമാണ്.
ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ കേരളത്തിലും ശ്രീരാമകൃഷ്ണവചനാമൃതം വേദാന്തമസ്തകത്തിലേറിയ രാജഹംസങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. രാജഹംസങ്ങളിരുന്നിടത്ത് കണ്ട കാകനും കൊറ്റിയും കയറിയിരുന്ന് നിരങ്ങുമ്പോള്‍ സഹൃദയന്മാര്‍ക്ക് സഹതാപം തോന്നുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ അവിടങ്ങളില്‍ കഴുകന്മാര് കയറിയിരുന്നാലൊ? വാനില്‍ വട്ടമിട്ടു പറക്കുമ്പോഴും അവയുടെ നോട്ടം എവിടെയായിരിക്കുമെന്ന് പരമഹംസര്‍ നമ്മോട് അരുളിയിട്ടുണ്ടല്ലോ.കാമിനികാഞ്ചനത്യാഗമായിരുന്നു പരമഹംസരുടെ പരമോന്നതാദര്ശം. ‘പണം ചില്ലറയായി മാറ്റിക്കൊടുക്കുന്നവന്‍ നാണയം പരിശോധിക്കുന്നതുപോലെ ഗുരുവിനെ പരീക്ഷിക്കുവിന്‍. പരീക്ഷിച്ചു സ്വീകരിക്കുവിന്‍’ എന്ന് അവിടുന്ന് അനവധി തവണ അരുളിയിട്ടുണ്ട്. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയാണ് നരേന്ദ്രന് പരമഹംസരെ ആത്മീയതയുടെ പരമാദര്‍ശമായി അംഗീകരിച്ചത്.
നരേന്ദ്രനാഥദത്തനെന്ന അഭ്യസ്തവിദ്യനായ യുവാവ് കേവലം വിഗ്രഹാരാധകനായി അറിയപ്പെട്ടിരുന്ന ശ്രീരാമകൃഷ്ണപരമഹംസരെ കണ്ടെത്തിയപ്പോള്‍ ലോകം പരമഹംസരെ കണ്ടെത്തുകയായിരുന്നു. അതിലൂടെ സര്വ്വധര്മ്മസമഭാവനയില് അധിഷ്ഠിതമായ വിശ്വമതാദര്ശത്തെ ലോകം അംഗീകരിക്കുകയായിരുന്നു. ലോകമൊരു ആനന്ദകമ്പോളമായിത്തീരണമെന്നായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസരുടെ ആദര്‍ശം. അതിനായി, ഭാഗീരഥിയുടെ തീരത്തെ ആ ഭവതാരകന് നല്കിയ ആദേശം പ്രായോഗികമാക്കി, വിവേകാനന്ദരൂപമെടുത്ത ശിഷ്യന്. ഗുരുശിഷ്യന്മാര് പാരെങ്ങും പരന്നു. നിരവധി ഹൃദയകമലങ്ങള്‍ വിടര്‍ന്നു. അറിവിന്റെ പ്രകാശഗോപുരങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടു. പിന്നീടുള്ളതിനെല്ലാം കാലം സാക്ഷിയായിത്തീര്ന്നുവല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: