വൈദിക കാലത്ത് സ്ത്രീ ഏതുവിധം പരിഗണിക്കപ്പെട്ടിരുന്നു എന്നത് വേദങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. വീരപുരഷന്മാരെപ്പറ്റിമാത്രമല്ല, വീരാംഗനകളെക്കുറിച്ചും വേദങ്ങള്‍ സംസാരിക്കുന്നു. കാളി, ഭവാനി, അംബികാ, ഏകവീരാ എന്നിങ്ങനെ വീരകളായ, ശത്രുസംഹാരകളായ തരുണീ രത്നങ്ങളെ വേദം ആദര്ശവനിതകളായി പ്രകീര്‍ത്തിക്കുന്നു. ശത്രുക്കളാല്‍ പരാജിതരായ പുരുഷ സൈന്യത്തിന്റെ സൈന്യാധിപസ്ഥാനമേറ്റടുത്തുകൊണ്ട് കാളി, ചണ്ഡി , ചാമുണ്ഡ തുടങ്ങിയ ദേവതകള്‍ ബ്രഹത്തായ അസുര സൈന്യത്തെ വെട്ടിനുറുക്കുന്ന ഉജ്വലചിത്രങ്ങള് വേണ്ടുവോളം നമുക്ക് കിട്ടുന്നു. വൈദിക കാലത്ത് ആണ്‍കുട്ടിയെ വീരന് എന്നും പെണ്‍കുട്ടിയെ വീര എന്നും സംബോധന ചെയ്തിരുന്നതായി വേദോപനിഷത്തുകളില്‍ അവഗാഹം നേടിയ പല മഹത്വ്യക്തികളും രേഖപ്പെടുത്തിയിട്ടുണ്ട്.
ശക്തിസ്വരൂപിണിയായി ഓരോ പെണ്‍കുഞ്ഞും വളര്‍ന്നു വരണമെന്ന് വൈദികജനത ആഗ്രഹിച്ചു. അതിനായവര്‍ അവള്‍ക്കായി ആയുധപരിശീലനം നല്കി. സ്ത്രീയെ സംബോധന ചെയ്യാന്‍ അവരുപയോഗിച്ച വാക്കുകളില്‍ തന്നെ വീരാരാധനയുണ്ട്. പുരഇന്ധി , പുരരന്ധീ, പുരന്ധി- നഗരത്തെ സംരക്ഷിക്കുന്നവള്‍ എന്നു താല്‍പ്പര്യം. ജനനം തെട്ടേ വീര, യൗവനമാകുമ്പോള് പുരംധീ, വിവാഹിതയാകുമ്പോള്‍ ശക്തി , നേതൃത്വം ഏറ്റെടുക്കുമ്പോള്‍ നാരി എന്നായിരുന്നു സങ്കല്പം. ആര്യേ എന്ന സംബോധനയില്‍ സ്ത്രീ മഹിമ വ്യക്തം.
അക്കാലം സ്ത്രീകള്‍ക്കും ഉപനയനമുണ്ടായിരുന്നു എന്ന് വേദപാരംഗതരായ മഹത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. മേഖലാബന്ധനം, യജ്ഞോപവീതധാരണം, ഭണ്ഡധാരണം സമിധ(വിറക്) വെട്ടുവാന്‍ പരശുധാരണം എന്നിങ്ങനെ സംസ്കാരവിധികളുണ്ടായിരുന്നു. സൈനിക നായകത്വത്തില്‍ മാത്രമല്ല, സ്ത്രീയുടെ ബൗദ്ധിക ഔന്നത്യത്തിന്റെ ഉചിതമായ ഉദാഹരണമായി ബൃഹദാരണ്യക ഉപനിഷത്തില്‍ ബ്രഹ്മവാദിനി ഗാര്‍ഗിയുടെ ചോദ്യങ്ങളുണ്ട്. ഒരു ചോദ്യം ഉന്നയിച്ചതിന് ആചാര്യന് നല്കുന്ന ഉത്തരത്തില്‍ നിന്നും അടുത്ത ചോദ്യമുന്നയിക്കുകയാണ് ഗാര്ഗീമാതാവ്. മനുഷ്യന് ഒരിക്കലും ഉന്നയിക്കാനാകാത്ത ബ്രഹ്മത്തെക്കുറിച്ചുള്ള ചോദ്യം വരെ ബ്രഹ്മവാദിനിയുടേതായുണ്ട്.ബൃഹദാരണ്യക ഉപനിഷത്തിന്റെ മൂന്നാമധ്യായത്തില്‍ ഒമ്പതു ബ്രാഹ്മണങ്ങളാണ് ഉള്ളത്.
ഒന്നാമത്തേതായ അശ്വല ബ്രാഹ്മണം തുടങ്ങുന്നത് ആഖ്യായികാ രൂപത്തിലാണ്. ജനകന്റെ യാഗ സന്ദര്‍ഭത്തില്‍ കൊമ്പിലും കുളമ്പിലും സ്വര്‍ണം കെട്ടിച്ച ആയിരം പശുക്കളെ ബ്രഹ്മജ്ഞ സദസ്സില്‍ കൊണ്ടുവരികയും ‘നിങ്ങളില്‍ ഏറ്റവും ബ്രഹ്മിഷ്ഠനായ വ്യക്തിക്ക് ഈ പശുക്കളെ കൊണ്ടുപോകാം’ എന്ന ജനകവചനം കേട്ടിട്ടും ആരും അവയെ കൊണ്ടുപോകാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍ വേദവിത്തായ യാജ്ഞവല്ക്യന് ശിഷ്യനോട് ആ പശുക്കളെ തന്റെ ആശ്രമത്തിലേക്ക് കൊണ്ടുപോകാന്‍ പറയുന്നു. അതു കേട്ട് ബ്രഹ്മജ്ഞരായ സദസ്യരെല്ലാം ഉടനെ എഴുന്നേറ്റ് യാജ്ഞവല്ക്യന്റെ ബ്രഹ്മിഷ്ഠത്തെ ചോദ്യം ചെയ്യുന്നു.യാജ്ഞവല്ക്യന് വിനയത്തോടെ പറഞ്ഞു:’ബ്രഹ്മിഷ്ഠരേ, ഞാന്‍ പശുവിനെ കിട്ടണമെന്നാഗ്രഹിക്കുന്നവനാണെന്നു മാത്രം’അതിനു ശേഷം ഓരോരുത്തരും ചോദ്യങ്ങള്‍ ഉന്നയിച്ച് യാജ്ഞവല്ക്യനെ പരീക്ഷിക്കുന്നതാണ് മൂന്നാമധ്യായത്തിലെ പ്രതിപാദ്യം. ഹോതാവായ അശ്വലന്റെ ചോദ്യങ്ങളാണ് അശ്വല ബ്രാഹ്മണത്തില്‍.ജരത്കാരു വംശജനായ ആര്‍ത്തഭാഗന്‍, ലഹൃ പുത്രനായ ഭുജ്യൂ, ചക്രപുത്രനായ ഉഷസ്തന്‍, കുഷീതക പുത്രനായ കഹോലന്‍, വാചകന്വു പുത്രിയായ ഗാര്‍ഗി, ഉദ്ദാലക പുത്രനായ ആരുണി, ശകലപുത്രനായ വിദഗ്ദ്ധന് എന്നിവരെല്ലാം പല വിധത്തിലുള്ള ചോദ്യങ്ങളാല്‍ യാജ്ഞവല്ക്യന്റെ ബ്രഹ്മിഷ്ഠത്തെ പരീക്ഷിക്കുന്നു.
ചോദ്യകര്‍ത്താക്കളുടെ പേരിനോട് ചേര്‍ന്നാണ് ബ്രാഹ്മണങ്ങള്‍ക്കു നാമകരണവും ചെയ്തിട്ടുള്ളത്. ആരുണിയുടെ ചോദ്യങ്ങളുള്ള ബ്രാഹ്മണത്തിന് മാത്രം വിഷയത്തെ അടിസ്ഥാനപ്പെടുത്തി അന്തര്യാമി ബ്രാഹ്മണം എന്നു പറയുന്നു. പ്രപഞ്ചസൃഷ്ടിയെപ്പറ്റിയും പ്രപഞ്ചാന്തര്യാമിയായ സൂത്രാത്മാവിനെപ്പറ്റിയും ബഹുദേവാരാധനയുടെ തത്ത്വത്തെപ്പറ്റിയുമൊക്കെയുള്ള പല ചോദ്യങ്ങളും അവര്‍ ഉന്നയിച്ചു. യാജ്ഞവല്‍ക്യനാകട്ടെ, ആത്മതത്ത്വത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് അക്ഷോഭ്യനായി എല്ലാ ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം നല്കി അവരെ സമ്മതിപ്പിക്കുന്നു. ഗാര്‍ഗി മാതാവിന്റെ ചോദ്യങ്ങളും അവയ്ക്കുള്ള മുനിയുടെ ഉത്തരങ്ങളും, ഒടുവില്‍ എന്തുകൊണ്ട് ഗാര്ഗീമാതാവിനോട് മൗനം ഭജിക്കാന്‍ യാജ്ഞവല്ക്യന് ആവശ്യപ്പെട്ടുവെന്നതും വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: