ആലപ്പുഴ: ഓണ്‍ലൈനില്‍ ജീവിതം കഴിച്ചുകൂട്ടുന്ന പുതു തലമുറ ലഹരി ആസ്വദിക്കുന്നതിലും വ്യത്യസ്തത തേടുന്നു. ലഹരി കിട്ടേണ്ട മാര്‍ഗ്ഗങ്ങളും, ഉപയോഗ രീതികളും അവ ഉപയോഗിച്ചാല്‍ ലഭിക്കുന്ന അനുഭൂതികളും ഒരു വിരല്‍ത്തുമ്പില്‍ ലഭിക്കുന്നുവെന്നതാണ് ഇന്നത്തെ ദുരവസ്ഥ.
എല്‍എസ്ഡി അടക്കമുള്ള മയക്കുമരുന്നുകള്‍ കുട്ടികളിലെത്തുന്നത് പോലീസ് എക്സൈസ് വിഭാഗങ്ങള്‍ക്ക് സങ്കല്പിക്കാന് പോലും കഴിയാത്ത രീതിയിലാണ്. വൈറ്റ്നര്, സൈക്കിള്‍ ട്യൂബ് പഞ്ചറൊട്ടിക്കുന്ന പശ എന്നിവ മാത്രമല്ല, സ്റ്റാമ്പു രൂപത്തില്‍ ലഭിക്കുന്ന മയക്കുമരുന്നുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
എല്‍എസ്ഡി എന്ന മാരക മയക്കുമരുന്നിന്റെ ഉപയോഗം കലാലയങ്ങളില്‍ മാത്രമല്ല, സ്കൂളുകളിലേക്കു കൂടി പടര്‍ന്നിരിക്കുകയാണ്. കഞ്ചാവും ബ്രൗണ്‍ഷുഗറുമായിരുന്നു ഒരുകാലത്ത് കേരളം ഭയപ്പെട്ടിരുന്ന മയക്കുമരുന്ന് ബ്രൗണ്‍ ഷുഗറായിരുന്നു. എന്നാല്‍ ഇന്ന് സ്റ്റാമ്പുരൂപത്തില് എല്‍എസ്ഡി കേരളത്തിലേക്ക് ഒഴുകുന്നു.
അടുത്തിടെ അരൂരില്‍ ബീടെക് വിദ്യാര്‍ത്ഥികളില്‍ നിന്നും സ്റ്റാമ്പ് പിടികൂടിയിരുന്നു. ഒരു സ്റ്റാമ്പില്‍ 100 മൈക്രോ ഗ്രാം എല്‍എസ്ഡി അടങ്ങിയിരുന്നതായാണ് നര്‍കോട്ടിക് വിഭാഗം കണ്ടെത്തിയത്. ഇതുകൂടാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ലഭ്യമാകുന്ന ഗുളികകളും മയക്കുമരുന്നുകളായി ഉപയോഗിക്കുന്നു.
മോര്‍ഫിന്‍, നൈട്രോസെപാം, ഫെനാമിന്‍, പ്രോമിത്തേസിന്‍, മോര്ഫെറഡിന്, ഡൈസെപാം, ബ്യൂപ്രിനോര്‍ഫിന്‍ തുടങ്ങി മരുന്നുകളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. പല മെഡിക്കല്‍ സ്റ്റോറുകളും ഇവ നിയമ വിരുദ്ധമായി വില്‍ക്കുന്നുണ്ട്.
കുട്ടിക്കുടിയന്മാരുടെ എണ്ണവും ഭയാനകമാം വിധം വര്‍ദ്ധിക്കുകയാണ്. ബിയറില്‍ നിന്നാണ് പലരുടെയും തുടക്കം. വീട്ടുകാരില്‍ നിന്നുള്ള അവഗണന, അദ്ധ്യാപകരുടെ കുറ്റപ്പെടുത്തല്‍, പ്രണയ നൈരാശ്യം, പണത്തിന്റെ അധിക ലഭ്യത, നിഷേധാത്മക ജീവിത ശൈലി, മറ്റുകുട്ടികള്‍ക്കിടയില്‍ നായകനാവാനുള്ള ഭ്രമം തുടങ്ങിയവയാണ് കുട്ടികളെ ലഹരിയിലേക്ക് നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: