ഏതൊന്നില് നിന്ന് ഈ വിശ്വം ജനിക്കുന്നു, ജനിച്ചതെല്ലാം ഏതൊന്നില് ജീവിക്കുന്നു, ഏതൊന്നിലേക്ക് മടങ്ങിപ്പോകുന്നു (യ തോ വാ ഇമാനി ഭൂതാനി ജായന്തേ, യേന ജാതാനി ജീവന്തി, യല്‍പ്രത്യഭിസംവിശന്തി:- തൈത്തിരീയോപനിഷത്ത്-3.1) അവിടേക്ക് എല്ലാജീവജാലങ്ങളും മടങ്ങിപ്പോകുന്നു. ആ യാത്രയ്ക്കുള്ള സാധനകളാണ് വേദാന്തം മുന്നോട്ടുവയ്ക്കുന്നത്. തര്‍ക്കത്തിനും സന്ദേഹങ്ങള്‍ക്കും അതീതമായ തത്ത്വാനേഷണവും പരമപദപ്രാപ്തിയുമാണ് ഭാരതീയതത്ത്വചിന്ത പഠിപ്പിക്കുന്നത്.
ലോകത്ത് മറ്റൊരുടത്തുമില്ലാത്തതത്ര ഉള്ളറിവുകള്‍ സ്വായത്തമാക്കിയവരുടെ നാടാണ് നമ്മുടേത്. ബാഹ്യാഭ്യന്തരങ്ങള് സമന്വിയിപ്പിച്ച വിചാരതരംഗിണിയുടെ പ്രഭവകേന്ദ്രമായി ഭാരതം. ഈ അമാനുഷിക പ്രയത്നത്തില്‍ സ്ത്രീയെന്നോപുരുഷനെന്നോ ഉപരിവര്‍ഗമെന്നോ ചണ്ഡാല കുലമെന്നോ ഉള്ള വ്യത്യാസങ്ങളില്ലായിരുന്നു. വേദഭാവനയില് എല്ലാ മനുഷ്യരും, ചെടിയും പുഴുവും അടങ്ങുന്ന സമസ്ത ജീവജാലങ്ങളും ഈശ്വരന്റെ (ബ്രഹ്മത്തിന്റെ) അംശാവതാരങ്ങളായിരുന്നു. അനുകൂലവും പ്രതികൂലവുമായ ആചരണങ്ങള്‍ നിലവില്‍ വരികയും ചിലപ്പോഴൊക്കെ ജനങ്ങള്‍ അതിന്റെ നിരര്‍ത്ഥകത തിരിച്ചറിഞ്ഞ് അവഗണിക്കുകയും ചെയ്തിട്ടുണ്ട്. പില്ക്കാലം, ചാര്വാകന്മാര് നിരീശ്വരീയം പ്രചരിപ്പിച്ചത് സ്വന്തം രാഷ്ടത്തെയോ അസ്തിത്വത്തെ തന്നെയോ തള്ളിപ്പറഞ്ഞു കൊണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ തന്‍കാര്യം നേടാനുള്ള കുറുക്കുവഴിയായിരുന്നില്ല അവര്‍ക്ക് സിദ്ധാന്തങ്ങള്‍. യഥാര്‍ഥത്തില്‍ വേദകാലത്ത് സവര്‍ണഅവര്‍ണ ഭേദമോ സ്ത്രീവിരുദ്ധ സമീപനങ്ങളോ ഉണ്ടായിരുന്നില്ല എന്ന് വൈദിക കാലഘട്ടത്തെക്കുറിച്ച് പഠന നിരീക്ഷണങ്ങള്‍ നടത്തിയ നിഷ്പക്ഷമതികളായ ചരിത്രകാരന്മാരും വേദപണ്ഡിതരും കാര്യകാരണ സഹിതം വ്യക്തമാക്കിയിട്ടുണ്ട്.
വേദകാലം കഴിഞ്ഞ് സമൂഹത്തില്‍ അതിന്റെ പ്രഭാവം മെല്ലെ മങ്ങിത്തുടങ്ങിയ ഘട്ടത്തില്‍ മുളച്ചുപൊന്തിയ ദുഷ്പ്രവണതകളുടെ പേറ്റന്റ്, വേദങ്ങളുടെ മേല്‍ ആരോപിക്കുകയാണ് ചിലര്‍ ചെയ്തത്. അവര്‍ക്കതിന് മറ്റു പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു എന്ന് നാമിന്ന് മനസിലാക്കുന്നു. ഈ ആരോപണക്കാരായ ഗ്രന്ഥകാരന്മാര്, പ്രസംഗകര്‍ വേദങ്ങള്‍ വായിക്കേണ്ട വിധത്തില്‍ മനനം ചെയ്തില്ല എന്നിടത്താണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ഫലം, നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ മുതല്‍ സര്‍വകലാശാല അധ്യാപകര്‍ വരെ പലരും ഈ വ്യാജ പ്രചാരണങ്ങള്‍ക്ക് വശംവദരായി. സാഹിത്യ രംഗത്താണ് ഇതിന്റെ ഭയാനകത്വം കൂടുതല്‍ ദ്യശ്യമായത്.
കഥകളും കവിതകളും നാടകങ്ങളുമൊക്കെയായി, വേദങ്ങള്‍ ജാതിബ്രാഹ്മണന്റെതാണെന്നും തികച്ചും സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമാണെന്നുമൊക്കെയുള്ള തെറ്റിദ്ധാരണ സമൂഹത്തിലുണ്ടായി.
ബ്രഹ്മവാദിനികള്‍ എന്ന ജ്ഞാനഭിക്ഷുകികള് ഭാരതത്തിന്റെ ആധ്യാത്മിക മണ്ഡലത്തിലെ ആചാര്യ സ്ഥാനികളായത് വിമര്‍ശകര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അചഞ്ചല വിശ്വാസവും ജപതപസ്സമ്പത്താലാര്ജ്ജിച്ച വ്യക്തിത്വവും കൈമുതലായി ആ പരിശുദ്ധ മാതാക്കള്‍ പകര്‍ന്ന ജ്ഞാനസുധ എത്രയോ പേര് പാനം ചെയ്തു!
സ്ത്രീകള്‍ ബ്രഹ്മവിദ്യക്കര്ഹരായിരുന്നു എന്നതിന് ദേവ ഭൂതിയുടെ കഥതന്നെ നിദര്ശനമാക്കാം. കര്ദ്ദമ പ്രജാപതി തന്റെ ഒന്‍പത് പുത്രിമാരെയും ബ്രഹ്മപുത്രന്മാരായ ഋഷികള്‍ക്ക് വേളി കഴിച്ചു കൊടുത്തു. പത്താമത്തെ പുത്രനായി കപിലന് പിറന്നു. തപസ്സ് അനുഷ്ഠിച്ച് ബ്രഹ്മസായൂജ്യമാര്ജിക്കാന് അദ്ദേഹം വനത്തിലേക്ക് പോയി. പുത്രന്റെ സംരംക്ഷണ പഠന പ്രവര്‍ത്തനങ്ങളെല്ലാം ഭംഗിയായി പ്രജാപതീ പത്നിയായ ദേവഹൂതി നിര്‍വഹിച്ചു. കപിലനും ആരണ്യകത്തിലേക്ക് തപസ്സിനായി പുറപ്പെടാന്‍ ഒരുങ്ങി. അപ്പോള്ജി പൂര്‍ണവിരക്തി വന്ന ദേവഹൂതി പുത്രനോട് ‘ബ്രഹ്മ വിദ്യ ഉപദേശിച്ചു തരണ’മെന്ന് അഭ്യര്‍ഥിച്ചു. അമ്മയുടെ വാക്കു കേട്ട് സന്തോഷിച്ച് കപിലന് ആ ജ്ഞാനാരഥിക്ക് സാംഖ്യയോഗം ഉപദേശിച്ചു മാതൃവന്ദനം ചെയ്തു.
മാതാവാകട്ടെ, തപശ്ചര്യയാല്‍ ആത്മശുദ്ധി വരുത്തി മോക്ഷഗതിയെ പ്രാപിച്ചു
ഇതുപോലെ വേദവിത്തുക്കളായി ബ്രഹ്മാനന്ദമനുഭവിച്ച ശ്രേഷ്ഠ മാതാക്കള്‍ ഭാരതീയജീവിതത്തിന്റെ ധര്മ്മപ്രവാഹിനികളായി പ്രശോഭിക്കുന്നു. ഗാര്‍ഗി, മൈത്രേയി, അനസൂയ, പ്രിയംവദ, വിംശിപാ, അപാല തുടങ്ങി വേദസൂക്തമാലപിക്കുന്ന വനിതകള്‍ വൈദികസാഹിത്യത്തില്‍ ഏറെയാണ്. ആ സമൂഹത്തില്‍ സ്ത്രീ ബഹുമാനിതയായിരുന്നു.
പുരുഷനോടൊപ്പമെത്താന്‍ അവള്‍ക്ക് സംവരണമാവശ്യമില്ലായിരുന്നു. എവിടെ സ്ത്രീ ബഹുമാനിക്കപ്പെടുന്നുവോ, അവിടെ ദേവകള്‍ പ്രസാദിക്കുമെന്ന മന്ത്രം തന്നെ അക്കാലഘട്ടത്തിലെ ഇക്കാര്യത്തിലുഉള മഹിമാതിശയങ്ങളെ വിളംബരം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: