സ്വന്തം ലേഖകന്‍
കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസല്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ഉണ്ടാക്കുന്ന പുതിയ വിവാദങ്ങള്‍ കേസില്‍പ്പെട്ട് നാടുകടത്തപ്പെട്ട പാര്‍ട്ടി നേതാക്കളെ രക്ഷിക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ദേശീയ നിര്വ്വാ പി.കെ.കൃഷ്ണദാസ് കണ്ണൂരില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. അധികാരം ഉപയോഗിച്ച് നിയമ നീതിന്യായ വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഎം ഇതിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.
സിപിഎം ആര്എസ്എസുകാരന്റേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വ്യാജമൊഴി പാര്‍ട്ടി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. ഫസലിനെ കൊലപ്പെടുത്തിയ ഘട്ടംതൊട്ട് സിപിഎം നേതൃത്വം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളുടെ തുടര്‍ച്ച കൂടിയാണിപ്പോഴത്തെ വിവാദങ്ങള്‍.
2006 ഒക്ടോബര്‍ 26നായിരുന്നു ഫസലിനെ സിപിഎം സംഘം വെട്ടിക്കൊന്നത്. ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പോലീസായിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് രണ്ട് പ്രതികളെയൊഴികെ ലോക്കല്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഫസലിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ അന്വേഷിക്കുകയായിരുന്നു. ഫസലിനെ കൊലപ്പെടുത്തിയ ഉടന്‍ രക്തക്കറ പുരണ്ട കാവിഷാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ച് സംഭവം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെക്കാന്‍ ആസൂത്രിത ശ്രമം നടന്നിരുന്നു. എന്നാല്‍ വിഎസ് ഭരണത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പോലീസ് കോടിയേരിയുടെ നാട്ടിലെ സിപിഎമ്മുകാരെത്തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ സിബിഐ എത്തിയതോടെ പാര്‍ട്ടിയുടെ ഉന്നത നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും കേസില്‍ അറസ്റ്റിലാവുകയും കോടതി ഇരുവരെയും നാടുകടത്തുകയും ചെയ്തതോടെ പാര്‍ട്ടി പൂര്‍ണമായും പ്രതിരോധത്തിലാവുകയായിരുന്നു. സിബിഐയുടെ അന്വേഷണം നടന്നത് യുപിഎയുടെ ഭരണകാലത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പടുവിലായി വാളാങ്കിച്ചാലിലെ മോഹനന് കേസിലെ പ്രതിയെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത സുബീഷിനെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് വ്യാജമൊഴി രേഖപ്പെടുത്തുകയും അത് വീഡിയോയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. സുബീഷ് പറഞ്ഞതായി ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള മൊഴികളെല്ലാം സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ സുബീഷിനെ അറസ്റ്റ് ചെയ്യുന്നതിന് എത്രയോ മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ഭാഗമാണ്. മാത്രമല്ല, വെളിപ്പെടുത്തല്‍ എന്ന് പറയുന്ന കാര്യങ്ങളെല്ലാം പോലീസിന് കൊടുത്ത മൊഴി എന്ന രൂപത്തില്‍ പുറത്തു വരുന്നതിന് മുമ്പേ സോഷ്യല്‍ മീഡിയകളില്‍ സിപിഎമ്മുകാര്‍ പ്രചരിപ്പിച്ച കാര്യങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ തന്റേതായി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ സുബീഷ് മാഹി ഐജിക്ക് പരാതി കൊടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സുബീഷിന്റേതായി പുറത്തു വരുന്ന മൊഴി പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് മജിസ്ട്രേറ്റ് മുമ്പാകെ ഇയാള്‍ മൊഴിയും നല്‍കിയിരുന്നു. സുബീഷിന് പണം നല്കി പ്രലോഭിപ്പിക്കാനുള്ള നീക്കവും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. സാധാരണ കേസുകളില്‍ മൊഴി ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്റെ മുന്നിലാണ് വെളിപ്പെടുത്തേണ്ടത്. എന്നാല്‍ സുബീഷിന്റെ മൊഴി വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കേസിന്റെ ആരംഭം തൊട്ട് കേസ് അട്ടിമറിക്കാനും നേതാക്കളെ രക്ഷിക്കാനും സിപിഎം ശ്രമം നടത്തിവരികയാണ്. കേസ് അട്ടിമറിക്കാനുള്ള ഏറ്റവും ഒടുവിലത്തെ ശ്രമമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാന്‍ പാടില്ലാത്ത വീഡിയോ രേഖകള്‍ പുറത്തുവിട്ടതിലൂടെ നടത്തിയിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുടെ മൊഴി ഇതേ രൂപത്തില്‍ വെളിപ്പെടുത്താന്‍ സിപിഎം തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
സുബീഷിന്റേതെന്ന പേരില്‍ കോടതിയില്‍ സമര്‍പ്പിച്ച മൊഴി വിശ്വാസയോഗ്യമല്ലെന്ന് ഏതാനും ദിവസം മുമ്പ് സിബിഐ കോടതിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിചാരണ ആരംഭിക്കാനിരിക്കെ നേതാക്കളെ രക്ഷപ്പെടുത്താനുളള നീക്കമാണ് നടത്തുന്നത്. കേസട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗമാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. സുപ്രീം കോടതി വരെ നീതിക്കു വേണ്ടി ബിജെപി പോകും. സിബിഐയെ ദുര്‍ബലപ്പെടുത്താനുളള നീക്കമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: