കണ്ണൂര്‍ : എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി ജന്മഭൂമി സംഘടിപ്പിച്ച ‘അനുമോദനം 2017’ പരിപാടിയില്‍ പങ്കുകൊണ്ടത് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍. ഇന്നലെ രാവിലെ കണ്ണൂര്‍ സാധു കല്ല്യാണമണ്ഡപത്തില്‍ നടന്ന അനമോദന പരിപാടിയില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അതിരാവിലെ മുതല്‍ത്തന്നെ കനത്ത മഴയെപ്പോലും വകവെയ്ക്കാതെ വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി. ആയിരത്തിലധികം വിദ്യാര്‍ഥികളെ ചടങ്ങില്‍ ജന്മഭൂമിയുടെ ഉപഹാരമായ മൊമെന്റോ നല്കി അനുമോദിച്ചു. കൂടാതെ ജില്ലയില്‍ നിന്നും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരേയും സാമൂഹ്യ-സാംസ്ക്കാരിക-വിദ്യാഭ്യസ രംഗത്തെ പ്രമുഖരേയും ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 13-ാം റാങ്ക് നേടിയ പരിയാരത്തെ അതുല്‍ ജനാര്ദ്ദനന്, 144-ാം റാങ്ക് നേടിയ തലശ്ശേരിയിലെ രീഷ്മ എന്നിവരേയാണ് അനുമോദിച്ചത്. കൂടാതെ കണ്ണൂരിന്റെ സാമൂഹ്യ-സാംസ്ക്കാരിക-ആത്മീയ വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകള്‍ ചെയ്ത കണ്ണൂര്‍ കൃഷ്ണ ജ്വല്‍സ് എംഡി ഡോ.രവീന്ദ്രനാഥ്, സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ സാങ്കേതിക പരിശീലന രംഗത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്ന ജില്ലയിലെ പ്രമുഖ സ്ഥാപനമായ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എംഡി കെ.അബ്ദുള്‍ റസാഖ്, സിഎ, എസിസിഎ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന ലക്ഷ്യ ഗ്രൂപ്പ് എംഡി ഓര്‍വല്‍ എലൈന്‍ എന്നിവരെ ആദരിച്ചു.
ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ പിന്നോക്ക വിഭാഗത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ ആറളം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, പ്ലസ്ടു പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കരസ്ഥമാക്കിയ കടമ്പൂര് ഹയര്‍ സെക്കണ്ടറി സ്കൂള്‍, എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെയും കൂടുതല്‍ സംസ്കൃത വിദ്യാര്‍ത്ഥികളേയും പരീക്ഷയ്ക്കിരുത്തി കൂടുതല്‍ എ പ്ലസ് കരസ്ഥമാക്കിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവക്കും പ്രത്യേക പുരസ്ക്കാരങ്ങള്‍ കേന്ദ്രമന്ത്രി കൈമാറി.
ജന്മഭൂമി ഡയരക്ടര്‍ അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജി.ഗോപകുമാര്‍, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്.ഉമാകാന്തന്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര സര്‍വ്വകലാശാല സ്റ്റുഡന്റ് ഡീനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.അമൃത് ജി കുമാര്‍ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകള്‍ സംബന്ധിച്ച് ക്ലാസെടുത്തു.
ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി.രാമചന്ദ്രന് സ്വാഗതവും പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.ശശിധരന് നന്ദിയും പറഞ്ഞു. ജന്മഭൂമി തയ്യാറാക്കിയ ‘ഉപരിപഠനം ഗൈഡ്’ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്.ഉമാകാന്തന്‍ നല്കി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: