ന്യൂദല്‍ഹി: ഖത്തറിലെ നിലവിലുള്ള സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ അവിടുത്തെ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. മറ്റിടങ്ങളിലേക്കു യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ എല്ലാ വശങ്ങളും പരിശേധിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാവൂ എന്നും നിര്‍ദേശമുണ്ട്.
ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്നാരോപിച്ച് അയല്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ബെഹറിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, യാത്രാ ബന്ധങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള വിമാനങ്ങളുടെ സര്‍വീസുകളും പ്രതിസന്ധിയിലാണ്. സര്‍വീസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്രയ്‌ക്കു തയ്യാറെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് എന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നത്.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഖത്തറിന്റെ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സാധാരണ ജീവിതത്തെ ബാധിക്കാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കിയുണ്ടെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരുടെ സ്വത്തിനോ ജീവനോ അപകടമുണ്ടാവുന്ന സാഹചര്യം ഇപ്പോള്‍ ഖത്തറിലില്ല, എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.
















