കൊല്‍ക്കത്ത: ഡാര്‍ജിലിങ്ങില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ബംഗാള്‍ മുഖമന്ത്രി മമത ബാനര്‍ജി പട്ടാളത്തിന്റെ സഹായം തേടി. ഗൂര്‍ഖ മുക്തി മോര്‍ച്ചയുടെ അക്രമം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ട സാഹചര്യത്തിലാണ് പട്ടാളത്തെ വിളിച്ചത്.
പത്താം ക്ലാസുവരെ ബംഗാളി ഭാഷ നിര്‍ബന്ധമാക്കുമെന്ന മമതയുടെ പ്രഖ്യാപനത്തിനെതിരെ സമരം നടത്തുന്ന ഗോര്‍ഖ മുക്തി മോര്‍ച്ച പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. പോലീസിനെ കുപ്പിയും കല്ലും വലിച്ചെറിഞ്ഞു. ഒട്ടെറെ വാഹനങ്ങള്‍ക്ക് തീവെച്ചു. പോലീസ് ലാത്തി വീശിയിട്ടും കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സ്ഥതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. ഒട്ടെറെ പോലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
ഇതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയുമായി കൂടിയാലോചിച്ച് പട്ടാളത്തെ വിളിക്കാന്‍ തീരുമാനിച്ചത്.
2011ല്‍ അധികാരത്തിലേറിയതിനുശേഷം ഇതാദ്യമായാണ് മമത ബാനര്‍ജി സമാധാനം പുന:സ്ഥാപിക്കാന്‍ പട്ടാളത്തെ വിളിക്കുന്നത്. 2010ലാണ് ബംഗാള്‍ സര്‍ക്കാര്‍ അവസാനമായി പട്ടാളത്തെ വിളിച്ചത്. ദെംഗഗയില്‍ സമാധാനം പുന:സ്ഥാപിക്കാനാണ് അന്ന് പട്ടാളത്തിന്റെ സഹായം തേടിയത്.
കഴിഞ്ഞയാഴ്ചയാണ് പത്താം ക്ലാസുവരെ ബംഗാളി ഭാഷ നിര്‍ബന്ധമാക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചത്. ഇതിനെതിരെ സമരം ശക്തമാക്കുമെന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രസിഡന്റ് ബിമല്‍ ഗുരുംഗ് പറഞ്ഞു.
















