തിരുവനന്തപുരം: ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ഡി ഒന്നിന്റെ വിക്ഷേപണം രാജ്യം കൈവരിച്ച മികച്ച നേട്ടമാണെന്ന് വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ കെ ശിവന്‍. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച വാഹനം, നിലവിലുള്ളതിനെ അപേക്ഷിച്ച് മികച്ചതും ശക്തവുമായ ഉപഗ്രഹത്തെയാണ് ഭ്രമണപഥത്തിലെത്തിച്ചത്.
കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. ഉപഗ്രഹത്തെ കൃത്യമായ ഭമണപഥത്തില്‍ എത്തിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഏറ്റവും വലിയ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ ദൗത്യത്തിന്റെ വിജയത്തിന് ശേഷം മടങ്ങവെ വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ ചരിത്രം മാറ്റിയെഴുതുന്ന വിജയമാണിതെന്ന് എല്‍പിഎസ്‌സി ഡയറക്ടര്‍ എസ്. സോമനാഥ് പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹം ഏറ്റവും വലിയ വിക്ഷേപണ വാഹനംവഴി സ്വന്തം മണ്ണില്‍ നിന്ന് വിക്ഷേപിക്കാനായത് വന്‍ നേട്ടമാണ്. ആദ്യ വിക്ഷേപണത്തില്‍ തന്നെ നമുക്കത് വിജയത്തിലെത്തിക്കാനായി.
പന്ത്രണ്ട് വര്‍ഷമായി വിഎസ്എസ്‌സിയിലെയും എല്‍പിഎസ്‌സിയിലെയും ഐഎസ്‌യുവിലെയും നിരവധി പേരുടെ അക്ഷീണ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ വിജയമെന്നും സോമനാഥ് പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ അടുത്ത ജിഎസ്എല്‍വി വിക്ഷേപണം സാധ്യമാകുമെന്ന് ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ദൗത്യത്തിന്റെ ഡയറക്ടര്‍ ജി. അയ്യപ്പന്‍ പറഞ്ഞു. മാര്‍ക്ക് മൂന്നിന്റെ പത്ത് പതിപ്പെങ്കിലും ഉണ്ടാകും. മാര്‍ക്ക് മൂന്നിന്റെ വിജയത്തോടെ വാണിജ്യ വിക്ഷേപണത്തിനുള്ള സാങ്കേതിക കഴിവ് രാജ്യം നേടിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
















