ഇടുക്കി: കായിക രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍മ്മിച്ച മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് കായിക പരിശീലന കേന്ദ്രം അവഗണനയില്‍. മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് എതിര്‍വശത്ത് പ്രകൃതി രമണീയമായ പ്രദേശത്താണ് കായിക പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ കായിക താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് മത്സരത്തില്‍ മെഡല്‍ നേടുക എന്ന ലക്ഷ്യത്തിലാണ് പരിശീലന കേന്ദ്രം തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതിയുടെ ഭാഗമായി പദ്ധതിക്ക് കോടികള്‍ അനുവദിച്ചിരുന്നു.
ഇവിടുത്തെ ശോചനീയാവസ്ഥയും സ്ഥിരമായ പരിശീലകരും ഇല്ലാതിരുന്നത് മൂലം കുട്ടികളില്‍ പലരും പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. കായിക പരിശീലനത്തിന് അനുയോജ്യമായ കാലാവസ്ഥ നിലനില്‍ക്കുന്ന ഈ പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തിലാണ്.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മാറ്റുരയ്‌ക്കുന്ന കായിക താരങ്ങള്‍ക്ക് കാലാവസ്ഥ പൊരുത്തപ്പെടുന്നതിന് ഈ പരിശീലന കേന്ദ്രം അനിവാര്യമായിരുന്നു. ഇപ്പോള്‍ പരിശീലകരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നശിക്കുകയാണ് ഇവിടം. ചോര്‍ന്നൊലിക്കുന്ന ഭിത്തികള്‍, കാടുപിടിച്ച മൈതാനം, ചുറ്റുമതിലില്ലാത്തതിനാല്‍ കന്നുകാലികളുടെ മേച്ചില്‍പ്പുറം എന്നിങ്ങനെയാണ് കായിക പരിശീലന കേന്ദ്രത്തിന്റെ സ്ഥിതി.
2008 മാര്‍ച്ച് 14ന് അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രിയായ എം. വിജയകുമാറാണ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതിനായി 5.79 കോടി രൂപ ചെലവഴിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള ഈ സ്ഥാപനം കൂപ്പു കുത്താനുള്ളതിന്റെ പ്രധാന കാരണം അത്യാവശ്യം വേണ്ട അത്‌ലറ്റിക് കോച്ചുകളെ സ്ഥിരമായോ താല്കാലികമായോ നിയമിക്കാത്തതാണ്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്നും അത്‌ലറ്റിക് കോച്ച് കോഴ്‌സ് കഴിഞ്ഞ അര്‍ഹരായ സ്‌പോര്‍ട്‌സ് താരങ്ങള്‍ ഇടുക്കി ജില്ലയില്‍ തന്നെ ഉള്ളപ്പോഴാണ് ഈ സെന്റര്‍ നശിക്കാന്‍ കാരണമായിരിക്കുന്നത്. കേരളത്തിന് അഭിമാനമായി മാറേണ്ട ഈ സെന്ററിന്റെ നിലനില്പിനായി അടിയന്തരമായി അത്‌ലറ്റിക് കോച്ചുകളെ താല്കാലികമായെങ്കിലും നിയമിക്കുവാനുള്ള നടപടി സ്വീകരിക്കണം.
















