ആലപ്പുഴ: രണ്ടു മാസത്തിനിടെ സംസ്ഥാനത്തു നടക്കുന്ന അഞ്ചു വള്ളംകളി മത്സരങ്ങള്‍ കൂട്ടിയിണക്കി വള്ളംകളി ലീഗ് നടത്തുന്നതിന്റെ സാധ്യത പഠിക്കാന്‍ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം പ്രത്യേക സമിതിയെ നിയോഗിച്ചു.
വിവിധ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി ലീഗ് മത്സരമാക്കി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വള്ളത്തെ ലീഗ് ചാമ്പ്യനാക്കുന്നതിലൂടെ എല്ലാ വള്ളംകളികളിലും വീറുംവാശിയുമേറിയ മത്സരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ലീഗിനു മുഴുവനായി ഒരു മുഖ്യസ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് മന്ത്രി റ്റി.എം. തോമസ് ഐസക് പറഞ്ഞു. കുറഞ്ഞത് അഞ്ചു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വള്ളംകളി ലീഗ് നടത്തിപ്പിന്റെ സാധ്യത പഠിക്കുന്നതിനായി മുന്‍ എംഎല്‍എ മാരായ സി.കെ. സദാശിവന്‍, കെ.കെ. ഷാജു, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ആര്‍.കെ. കുറുപ്പ്, അഡ്വ. ജോയിക്കുട്ടി ജോസ്, ജയിംസ്‌കുട്ടി ജേക്കബ്, എസ്.എം. ഇക്ബാല്‍ എന്നിവരടങ്ങിയ സമിതിയെ യോഗം നിയോഗിച്ചു.
ചുണ്ടനിലടക്കം ഒരു വള്ളത്തില്‍ തുഴയുന്ന മൊത്തം പേരില്‍ പരമാവധി 25 ശതമാനം പേരെ മാത്രമേ അന്യസംസ്ഥാനത്തു നിന്നു നിയോഗിക്കാനാകൂ. ആഗസ്റ്റ് 12ന് നടക്കുന്ന 65-ാമത് നെഹ്‌റു ട്രോഫി ജലമേളയ്‌ക്ക് മുഖ്യാതിഥികളായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും, മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു സംസ്ഥാന മന്ത്രിമാരെയും ക്ഷണിക്കാന്‍ യോഗം തീരുമാനിച്ചു.
















