ന്യൂദല്‍ഹി; യുദ്ധത്തിലും ജോലിക്കിടയിലും മരണമടഞ്ഞ സൈനികര്‍, അര്‍ദ്ധ സൈനികര്‍, പോലീസുകാര്‍ എന്നിവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം അരുണാചല്‍ സര്‍ക്കാര്‍ കുത്തനെ കൂട്ടി. രണ്ടു ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായിട്ടാണ് കൂട്ടിയത്.
ഭീകരരെയും നക്‌സലുകളെയും നേരിടുമ്പോള്‍ വികലാംഗരായവര്‍ക്കുള്ള സഹായം ഒരു ലക്ഷത്തില്‍ നിന്ന് പത്തു ലക്ഷമാക്കി. ഗുരുതരമായ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ധനസഹായം അരലക്ഷമാണ്. അടുത്തിടെ ജോലിക്കിടെ മരിക്കുന്ന അര്‍ദ്ധ സൈനികരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം പത്തു ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കിയിരുന്നു.
ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന തുക 15ല്‍ നിന്ന് 35 ലക്ഷവുമാക്കി. മലനിരകളിലും മറ്റും ജോലിയെടക്കുന്ന സൈനികര്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചാല്‍ നല്‍കുന്ന നഷ്ടപരിഹാരം 15ല്‍ നിന്ന് 35 ലക്ഷമാക്കി.
















