ലക്‌നൗ: കശ്മീരിനെ ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നു വിശേഷിപ്പിച്ച് കോണ്‍ഗ്രസിന്റെ ലഘുപുസ്തകം. നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാരിനെ കുറ്റപ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിലാണ് പരാമര്‍ശം. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദാണ് ഇന്നലെ ലക്‌നൗവില്‍ പുസ്തകം പുറത്തിറക്കിയത്.
മോദി സര്‍ക്കാരിന്റെ കോട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ളതാണ് 16 പേജുള്ള പുസ്തകം. ഇതില്‍ രാഷ്‌ട്ര സുരക്ഷയെക്കുറിച്ച് പറയുന്ന 12ാം പേജിലാണ് ഈ ‘വിശേഷണം’. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെക്കുറിച്ചാണിതില്‍.
സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പു പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് പാര്‍ട്ടി നേതാവ് അജയ് മാക്കന്‍ വ്യക്തമാക്കി. മാപ്പു പറഞ്ഞെങ്കിലും ബിജെപിയെ കുറ്റപ്പെടുത്താനാണ് പാര്‍ട്ടി അവസരം വിനിയോഗിച്ചത്.
പരാമര്‍ശത്തെ ബിജെപി അപലപിച്ചു. ഗുലാം നബി ആസാദിനെ പോലുള്ള മുതിര്‍ന്ന നേതാവു തന്നെ പുസ്തക പ്രകാശനത്തിനെത്തിയെന്നത് ഞെട്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിഘടനവാദികളെയും അതിര്‍ത്തിക്കപ്പുറത്തുള്ള അവരുടെ രക്ഷിതാക്കളെയും കോണ്‍ഗ്രസ് സന്തോഷിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ശ്രീകാന്ത് ശര്‍മ ആവശ്യപ്പെട്ടു. ബിജെപി ഉത്തര്‍പ്രദേശ് ഘടകവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
















