ന്യൂദല്‍ഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. മതിയായ പഠന സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ ഇത് ബാധിക്കില്ല.
സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ വളര്‍ച്ച പഠന നിലവാരത്തെ മോശമായി ബാധിക്കുകയും രംഗത്ത് അഴിമതി കൊടികുത്തി വാഴുന്നതിനും ഇടയാക്കിയിട്ടുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ 2016 മേയില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം.എല്‍ ലോധ അധ്യക്ഷനായി മേല്‍നോട്ട കമ്മറ്റി രൂപീകരിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അരുണ്‍ സിംഗാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2016 ല്‍ മെഡിക്കല്‍ ബിരുദ പഠനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് 109 പുതിയ കോളജുകള്‍ എം.സി.ഐയെ സമീപിച്ചിരുന്നെങ്കിലും പരിശോധനകള്‍ നടത്തി 17 കോളജുകള്‍ക്ക് മാത്രമാണ് അനുവാദം നല്‍കിയത്.എന്നാല്‍ മേല്‍ നോട്ട സമിതി വീണ്ടും പരിശോധിച്ച് 34 കോളജുകള്‍ക്ക് അനുവാദം നല്‍കാന്‍ ശുപാര്‍ശ നല്‍കി.വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിക്കാമെന്ന ഉറപ്പിലാണ്34 കോളജുകള്‍ക്ക് അനുവാദം നല്‍കിയത്.
കൂടാതെ ഇത് പാലിച്ചില്ലെങ്കില്‍ രണ്ടു വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് പാനല്‍ കോളജുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ വന്ന വീഴ്ചയെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി. ഒരോ കോളജുകളും സെക്യൂരിറ്റി നിക്ഷേപമായി നല്‍കിയ രണ്ടു കോടി രൂപ കണ്ടുകെട്ടാന്‍ സമിതി തീരുമാനിച്ചു. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവിടെ തുടരാമെന്നും പാനല്‍ അറിയിച്ചു.
















