ന്യൂദല്‍ഹി: മൂന്നാമതും രാജ്യസഭാംഗമാകാനില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള മോഹം യെച്ചൂരി ഇന്നലെ പരസ്യമായി പ്രകടിപ്പിച്ചു. വിഷയം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നേരത്തെ പോളിറ്റ് ബ്യൂറോ തള്ളിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം പ്രമേയം പാസാക്കിയതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്. പോളിറ്റ് ബ്യൂറോ തീരുമാനത്തിനെതിരായ പ്രമേയം പാസാക്കിയത് കേന്ദ്ര നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ബംഗാള്‍ ഘടകത്തെ മുന്‍നിര്‍ത്തി രാജ്യസഭയിലെത്താന്‍ യെച്ചൂരി നടത്തുന്ന നീക്കമാണ് പ്രമേയമെന്ന് കാരാട്ട് പക്ഷം കരുതുന്നു.
യെച്ചൂരി മത്സരിക്കുന്നതിനെതിരെ കാരാട്ട് പക്ഷം ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ യെച്ചൂരിക്കെതിരെ കാരാട്ട് പക്ഷത്തെ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബംഗാളില്‍ അംഗബലം കുറവായതിനാല്‍ കോണ്‍ഗ്രസ് പിന്തുണയില്ലാതെ യെച്ചൂരിക്ക് ജയിക്കാനാകില്ല. കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമെന്നാണ് വാദം.
രണ്ട് തവണയില്‍ക്കൂടുതല്‍ ഒരാള്‍ രാജ്യസഭാംഗമാകുന്നതും പാര്‍ട്ടി ചുമതല വഹിക്കുന്നവര്‍ പാര്‍ലമെന്ററി ചുമതല വഹിക്കുന്നതും നയവ്യതിയാനമാണെന്നും യെച്ചൂരി വിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരള ഘടകം വിഷയത്തില്‍ കാരാട്ടിനൊപ്പമാണ്. എല്ലാറ്റിനുമുപരി യെച്ചൂരി സ്ഥാനമോഹിയാണെന്ന ഗുരുതര ആരോപണവും ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നുണ്ട്.
കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടെയും വാദം. പാര്‍ട്ടി ദയനീയ സ്ഥിതിയിലുള്ള ബംഗാളില്‍ കോണ്‍ഗ്രസ് പിന്തുണ നിലനില്‍പ്പിന് അനിവാര്യമാണ്. യെച്ചൂരിയെ മാത്രമേ കോണ്‍ഗ്രസ് പിന്തുണക്കൂ. മത്സരിക്കാതിരുന്നാല്‍ രാജ്യസഭയില്‍ പാര്‍ട്ടിയുടെ അംഗബലം കുറയും. ബിജെപി ശക്തമായിരിക്കെ ഇത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യും തുടങ്ങിയ ന്യായവാദങ്ങളാണ് യെച്ചൂരി പക്ഷം ഉയര്‍ത്തുന്നത്. വിഷയം ഇരുവിഭാഗങ്ങളുടെയും ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്നാണ് സൂചനകള്‍ തെളിയിക്കുന്നത്.
ഇതിനിടെ, കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ പിണറായി വിജയന്‍ വിളിക്കാനുദ്ദേശിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമതാ ബാനര്‍ജിയെ പങ്കെടുപ്പിക്കുന്നതിലും ബംഗാള്‍ ഘടകത്തിന് എതിര്‍പ്പുണ്ട്. ഇതും അടുത്തയാഴ്ചത്തെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയാകും.
















