ആലുവ: യാത്രക്കാരുടെ ഇരിപ്പിടങ്ങള്‍ കച്ചവടക്കാര്‍ കയ്യേറിയതോടെ ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ ‘നില്‍പ്പ്’ തന്നെ ശരണം. യാത്രക്കാരുടെ നില്‍പ്പ് കണ്ടിട്ടും കണ്ണടക്കുന്ന കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരാണ് കച്ചവടക്കാരുടെ കയ്യേറ്റത്തിന് മൗനാനുവാദം നല്‍കുന്നതെന്നാണ് ആക്ഷേപം.
ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഏറെ കാലമായി കച്ചവടക്കാരുടെ ഭരണമാണ്. മാറിമാറി വരുന്ന ഉേദ്യാഗസ്ഥരെല്ലാം രാഷ്‌ട്രീയക്കാരെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും പേടിച്ച് കച്ചവടക്കാര്‍ക്ക് സഹായങ്ങല്‍ ചെയ്ത് കൊടുക്കുകയാണ്. കച്ചവടക്കാര്‍ ഇരിപ്പിടങ്ങളില്‍ ഫ്രൂട്ട്‌സും കച്ചവട സാധനങ്ങളുമെല്ലാം നിരത്തിയപ്പോള്‍ പെരുവഴിയിലായത് യാത്രക്കാരാണ്.
യാത്രക്കാര്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ആവശ്യത്തിലധികം കച്ചവട സ്ഥാപനങ്ങളാണ് കെഎസ്ആര്‍ടിസി അനുവദിച്ചിരിക്കുന്നത്. അഞ്ചടി ചതുരശ്ര വലിപ്പമുള്ള സ്റ്റാള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ ഇവരെല്ലാം അത്രയും സ്ഥലം തന്നെ കയ്യേറുകയും ചെയ്തിട്ടുണ്ട്. കോണ്‍ക്രീറ്റ് തൂണുകളില്‍ വട്ടത്തിലാണ് യാത്രക്കാര്‍ക്കുള്ള ഇരിപ്പിടമുള്ളത്. രണ്ട് കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് ഇടയിലുള്ള സ്ഥലമാണ് സ്റ്റാളിന് സ്ഥലം നല്‍കുന്നത്. കരാറുകാരന്‍ സ്ഥലം തൂണുകളോട് ചേര്‍ത്ത് എടുത്ത ശേഷം തൂണുകളിലെ ഇരിപ്പിടവും കൈവശമാക്കുകയാണ്.
സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക വിശ്രമമുറി ഉണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് തൂണുകളിലെ ഇരിപ്പിടം മാത്രമാണുള്ളത്. അതിനാല്‍ ഇരിപ്പിടമില്ലാതെ കഷ്ടപ്പെടുന്നത് ഭൂരിഭാഗവും പുരുഷ യാത്രക്കാരാണ്. അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. സ്റ്റാന്റിന് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളും വന്‍ തോതില്‍ കയ്യേറ്റം നടത്തിയിട്ടുണ്ട്. പ്രതിമാസം കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന വാടകയേക്കാള്‍ അധികം അധികൃതര്‍ക്ക് മാമൂലായി നല്‍കുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
കച്ചവടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















