ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കേജ്രിവാളിനെതിരെ വീണ്ടും അഴിമതിയാരോപണം. മരുന്ന്, ആംബുലന്‍സ് വാങ്ങല്‍, നിയമനം എന്നിവയില്‍ കേജ്രിവാളും ആരോഗ്യ മന്ത്രി സത്യേന്ത്ര ജയിനും കോടികളുടെ അഴിമതി നടത്തിയെന്ന് പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര ആരോപിച്ചു.
കേജ്രിവാളിന്റെ അറിവോടെയും അനുമതിയോടെയും ജയിനാണ് ക്രമക്കേടുകള്‍ ആസൂത്രണം ചെയ്തത്. മരുന്നു വാങ്ങിയതില്‍ മാത്രം 300 കോടി രൂപയുടെ തിരിമറിയെന്നും മിശ്ര ആരോപിച്ചു. ആശുപത്രികളെ മരുന്നു വാങ്ങാന്‍ അനുവദിക്കാതെ ആറു മാസത്തേക്ക് ഒരുമിച്ച് മരുന്നു വാങ്ങി ഗോഡൗണില്‍ സൂക്ഷിക്കും. മൂന്ന് ഗോഡൗണാണ് ഇതിനായി ഒരുക്കിയത്.
ആശുപത്രികള്‍ക്ക് ആവശ്യമുള്ളതാകില്ല ഇവയില്‍ പല മരുന്നും. അവരെ നിര്‍ബന്ധിച്ച് ഏല്‍പ്പിക്കും. തീയതി കഴിയുമ്പോള്‍ ഉപയോഗശൂന്യമാകുന്നതോടെ ആശുപത്രികള്‍ ഒഴിവാക്കും.
ആശുപത്രികള്‍ക്ക് ആംബുലന്‍സ് വാങ്ങിയതില്‍ 23 ലക്ഷത്തിന്റെ തിരിമറിയെന്നാണ് ആരോപണം.
തീപിടിക്കാത്ത ആംബുലന്‍സുകളാണ് വാങ്ങിയത്. എന്നാല്‍, നാലെണ്ണം നിരത്തിലിറക്കി അടുത്ത ദിവസങ്ങളില്‍ തന്നെ തീപിടിച്ചു. ആശുപത്രികളിലെ 30 മെഡിക്കല്‍ സൂപ്രണ്ടുമാരെ നിയമിച്ചത് ക്രമവിരുദ്ധമെന്നാണ് മറ്റൊരു ആരോപണം.
ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് ചട്ടവിരുദ്ധമായി. 30 തസ്തികകള്‍ നിയമവിരുദ്ധമായി രൂപീകരിച്ചുവെന്നും മിശ്ര ആരോപിച്ചു.
















