കൊച്ചി: കടല്‍ കാഴ്ചകള്‍ ആസ്വദിച്ച് ഉള്‍കടലിലേക്കുളള യാത്രകള്‍ക്കായി കേരളത്തില്‍ ആഡംബര കപ്പല്‍ വരുന്നു. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. വരുന്ന ഡിസംബറില്‍ പുറത്തിറക്കുന്ന കപ്പലിന്റെ 60 % നിര്‍മ്മാണം നിലവില്‍ പൂര്‍ത്തിയായി.
ഈജിപ്ഷ്യന്‍ തീമില്‍ ഒരുക്കുന്ന കപ്പലിന് 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജ്ഞിയായ നെഫര്‍ടിറ്റി’യുടെ പേരാണ് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച കപ്പലില്‍ 200 പേര്‍ക്ക് യാത്ര ചെയ്യാം. മിനി കോണ്‍ഫറന്‍സ് ഹാള്‍, കുട്ടികള്‍ക്ക് വിനോദത്തിനായുള്ള സംവിധാനങ്ങള്‍, 80 പേര്‍ക്ക് ആഹാരം കഴിക്കാവുന്ന ഹോട്ടല്‍ തുടങ്ങിയവയാണ് കപ്പലിനകത്തെ ചില പ്രത്യേകള്‍.
ലോവര്‍, മിഡില്‍, അപ്പര്‍ ഡെക്കുകളുള്ള കപ്പലില്‍ രാത്രി കിടക്കാനുള്ള സ്ലീപ്പര്‍ സംവിധാനമില്ല. ഡേ ക്രൂയിസായാണ് സര്‍വീസ് നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ 1-2 മണിക്കൂര്‍ വരെയുള്ള ഏറ്റവും കുറഞ്ഞ യാത്രകള്‍ക്കായി ഒരാള്‍ക്ക് 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിന് പുറമേ കോണ്‍ഫറന്‍സ്, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായും കപ്പല്‍ നല്‍കും. ഗോവയിലാണ് നിര്‍മ്മാണം നടത്തുന്നത്.
കൊച്ചി-കോഴിക്കോട് സര്‍വീസ് പരിഗണനയില്‍
കൊച്ചി: കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കപ്പല്‍ സര്‍വീസ് പരിഗണനയിലുണ്ടെന്ന് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനന്‍ എംഡി: ടോം ജോസ്. കൊച്ചി തുറമുഖത്ത് നിന്നും ബേപ്പൂരിലേക്കുള്ള സര്‍വീസ് ടൂറിസം വകുപ്പുമായി സഹകരിച്ചാകും നടപ്പാകുന്നത്. നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സര്‍വീസില്‍ ഒരാള്‍ക്ക് 2500 രൂപയാവും ടിക്കറ്റ് നിരക്ക്. കൊച്ചി വാട്ടര്‍ മെട്രോയുമായി സഹകരിക്കാന്‍ കോര്‍പ്പറേഷന്‍ സന്നദ്ധമാണെന്നും എംഡി പറഞ്ഞു.
















