ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഫലങ്ങള്‍ ജനങ്ങളിലെത്തിത്തുടങ്ങിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നല്കുന്ന സൂചന കേന്ദ്രഭരണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുന്നതായും അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്ഷികാഘോഷങ്ങളുട ഭാഗമായി പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരി ക്കുകയായിരുന്നു അദ്ദേഹം.
രണ്ടുകോടി പാവപ്പെട്ട വീടുകളില്‍ പാചകവാതക കണക്ഷനുകള്‍ സൗജന്യമായി എത്തിച്ചു. നാലരക്കോടി കുടുംബങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. 13,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആറര പതിറ്റാണ്ടുകൊണ്ട് സാധിക്കാത്ത പലതുമാണ് മൂന്നുവര്‍ഷം കൊണ്ട് ജനങ്ങള്‍ക്ക് ലഭ്യമായത്. വണ്‍ റാങ്ക് വണ്‍ പെന്ഷന്, ഒബിസി കമ്മീഷന്റെ ഭരണഘടനാ പദവി, ചരക്കു സേവന നികുതി, തൊഴിലുറപ്പു പദ്ധതിക്കായി അധികം അനുവദിച്ച 41,000 കോടി രൂപ എന്നിവയെല്ലാം ജനങ്ങളെ ആകര്‍ഷിച്ചു.
ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യന്‍ സമ്പദ് രംഗം മാറി. 2016-17 വര്‍ഷങ്ങള്‍ രാജ്യത്തിന് നേട്ടത്തിന്റെയായിരുന്നു. ഏറ്റവുമധികം യൂറിയ ഉല്‍പ്പാദനം, ഇഥനോള്‍ ഉല്‍പ്പാദനം, കൂടുതല്‍ പാചകവാതക കണക്ഷനുകള്‍, ഏറ്റവുമുയര്‍ന്ന കല്‍ക്കരി ഉല്‍പ്പാദനം, ഉയര്‍ന്ന വൈദ്യുതോല്‍പ്പാദനം, ഏറ്റവും കൂടുതല്‍ ദേശീയപാതകളും ഗ്രാമീണ റോഡുകളുടേയും നിര്‍മ്മാണം, നാലുചക്ര, ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയിലെ റിക്കോര്‍ഡ്, സോഫ്റ്റ് വെയര്‍ മേഖലയിലെ കുതിപ്പ് എന്നിവയെല്ലാം 2016-17 വര്‍ഷത്തില്‍ രാജ്യത്തുണ്ടായി.
കോടിയേരിക്ക് അമിത് ഷായുടെ മറുപടി
സൈന്യത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. സൈനികര്‍ മാനഭംഗവും പീഡനവും നടത്തുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
പ്രസ്താവന നടത്തിയ നേതാവിനെ അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം സൈന്യത്തെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാത്തുരക്ഷിക്കുന്നത് സൈനികരാണ്. അവരെ അപമാനിക്കുന്നത് ആര്‍ക്കും ഉചിതമല്ല.
















