തിരുവനന്തപുരം: അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വയം നവീകരണത്തിന് സഹജീവനക്കാര്‍ അവസരം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്റെ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ആരാണ് അഴിമതി നടത്തുന്നതെന്ന് സഹജീവനക്കാര്‍ക്ക് അറിയാം. ഇത് അവകാശമായി അംഗീകരിച്ചുകൊടുക്കരുത്. അഴിമതി നടത്താനുള്ള സ്ഥലമല്ല സര്‍ക്കാര്‍ ഓഫീസുകളെന്ന് തുറന്നു പറയാനുള്ള ആര്‍ജവം സഹജീവനക്കാര്‍ കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മാത്രം നഗരസഭകള്‍ ഒതുങ്ങി നില്‍ക്കരുത്. എന്നാല്‍ ശുചീകരണത്തില്‍ വിട്ടുവീഴ്ച അരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎംസിഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
















