കൊച്ചി: ഇറച്ചിക്കായി കന്നുകാലികളെ കൊല്ലുന്നത് വിലക്കിയ കേന്ദ്രത്തിനെതിരെ പ്രസ്താവനകളുമായി നേതാക്കള്‍.
ഭരണഘടനാ ലംഘനമെന്ന് ഹസന്‍
കശാപ്പ് നിരോധന ഉത്തരവ് ഭരണഘടനാ ലംഘനമാണെന്നാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ പ്രതികരണം. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. വിലക്ക് മൗലികാവകാശങ്ങളിന്‌മേലുള്ള കടന്നുകയറ്റമാണ്.റംസാന്‍ വ്രതം ആരംഭിക്കുന്ന സമയത്ത് പുറപ്പെടുവിച്ച് ഉത്തരവ് ദുരുദ്ദേശപരമാണ്. ഗോവധ നിരോധന നിയമം ഇല്ലാത്ത കേരളത്തില്‍ ഈ വിലക്ക് നടപ്പാക്കാന്‍ അനുവദിക്കില്ല. ഉത്തരവിലൂടെ സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്.
നടപ്പാക്കില്ലെന്ന് മന്ത്രി സുനില്‍കുമാര്‍
കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്നും കേരളത്തില്‍ അത് നടപ്പാക്കില്ലെന്നും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. കന്നുകാലി കശാപ്പ് സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്നതാണ്. അതില്‍ കേന്ദ്രത്തിന് ഇടപെടാനാവില്ല. കേന്ദ്രം ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ്. പൗരന്മാരുടെ ഭക്ഷണ അവകാശത്തിന്‌മേലുളള കടന്നുകയറ്റമാണ്.
വിഭജനത്തിന് ശ്രമമെന്ന് മന്ത്രി സുധാകരന്‍
കേന്ദ്ര നടപടി രാജ്യത്ത് വിഭജനമുണ്ടാക്കുന്നതാണെന്ന് മന്ത്രി ജി. സുധാകരന്‍.കശാപ്പ് നിയന്ത്രണം കേന്ദ്രത്തിന്റെ ജോലിയല്ല. ഒറ്റയ്‌ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുള്ള മോദി സര്‍ക്കാര്‍ നന്നായി ഭരിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ അവകാശങ്ങളില്‍ കടന്നുകയറുകയല്ല ചെയ്യേണ്ടത്. വിജ്ഞാപനം മൃഗസ്‌നേഹം കൊണ്ടല്ല. വിദ്വേഷ രാഷ്‌ട്രീയമാണ് അതില്‍. പുതിയ വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ല.
വിജ്ഞാപനത്തെ ഇരുകൈയും നീട്ടി
സ്വീകരിക്കും; സുരേന്ദ്രന്‍
കേന്ദ്ര തീരുമാനത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.കേരളം പോലുള്ള സംസ്ഥാനത്ത് കന്നുകാലികള്‍ വലിയ തോതിലാണ് പീഡിപ്പിക്കപ്പെടുന്നത്. ഇത് നിരോധിക്കേണ്ട സമയം കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും ഇത് മുന്‍പേ നിരോധിച്ചുകഴിഞ്ഞു. ഗോവധം നിരോധിക്കുകയെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
മനുസ്മൃതി നടപ്പാക്കുന്നു: കോടിയേരി
കേന്ദ്ര വിജ്ഞാപനം മനുസ്മൃതി നടപ്പാക്കുമെന്ന വിളംബരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റംസാനെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ആര്‍.എസ്.എസ് പ്രചാരകനായ പ്രധാനമന്ത്രിയും കൂട്ടരും ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയത്. വരാനിരിക്കുന്ന വര്‍ഗീയ വിധ്വംസക നടപടികളുടെ കേളികൊട്ടാണിത്.
വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാനും സമൂഹത്തില്‍ മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാനുമാണ് സംഘപരിവാര്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
















