തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പിന് ഗൂഗിളിന്റെ അംഗീകാരം. റെസിപ്പി ബുക്ക് എന്ന സ്റ്റാര്‍ട്ടപ്പിനാണ് ഈ അംഗീകാരം. ഗൂഗിള്‍ ലോഞ്ച് പാഡ് ആക്‌സലറേറ്റര്‍ ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്ത ആറ് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണിത്.
കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ ഉപയോക്താക്കളുടെ രുചിതാത്പര്യങ്ങള്‍ക്കനുസരിച്ച് റെസിപ്പികള്‍ തയ്യാറാക്കുന്ന ആപ്ലിക്കേഷന്‍ ആണിത്.
ചേരുവകളുടെ ഫോട്ടോ എടുത്ത് ആപ്പില്‍ ഇട്ടാല്‍ മതി, ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ റെഡി! ഫോട്ടോ എടുക്കാതെ ചേരുവകളുടെ വിവരങ്ങള്‍ നല്‍കിയാലും റെസിപ്പി കിട്ടും. വോയ്‌സ് കമാന്‍ഡിലൂടേയും ഇത് സാധ്യമാണ്.
ഒരു റസ്റ്റോറന്റിലെ ഏതെങ്കിലും വിഭവത്തെ തിരിച്ചറിഞ്ഞ് അതിന്റെ റെസിപ്പി കൂടി ഉപയോക്താക്കള്‍ക്ക് പ്രാപ്യമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. അനൂപ് ബാലകൃഷ്ണന്‍ ആണ് റെസീപ്പി ബുക്കിന്റെ സ്ഥാപകനും സിഇഒയും. കൊച്ചി എസ്എന്‍ജി കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിഖില്‍ ധര്‍മനാണ് മറ്റൊരു സഹസ്ഥാപകന്‍.
















