ന്യൂദല്‍ഹി: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഹെലിക്കോപ്ടര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഫട്‌നാവിസും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇടിച്ചിറക്കുകയായിരുന്നു.
രണ്ട് പെലറ്റുമാരും സഹമന്ത്രിമാരുമടക്കം അഞ്ച് പേരാണ് ഫട്‌നാവിസിനൊപ്പമുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചേതന്‍ പാട്ടീലിന് ചെറിയ പരിക്കുണ്ട്. മറ്റുള്ളവരെല്ലാം സുരക്ഷിതരെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു.
സുരക്ഷിതനെന്ന് ഫട്‌നാവിസും ട്വിറ്ററില്‍ കുറിച്ചു. ലാത്തൂര്‍ നിലങ്കയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ഫട്‌നാവിസും സംഘവും. കോപ്ടര്‍ പറന്നുയരുന്നതിനു പിന്നാലെയാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. പൈലറ്റ് ഹെലിപാഡിനു സമീപം ഇടിച്ചിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
















