ന്യൂദല്‍ഹി: വിശ്വാസ വഞ്ചന കാണിച്ചെന്നും, ടൈംസ് നൗവില്‍ നിന്നുള്ള സ്വത്തുക്കള്‍ ദുരുപയോഗം ചെയ്‌തെന്നുമുള്ള ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവി മാനേജിങ് ഡയറക്ടറും സഹസ്ഥാപകനുമായ അര്‍ണാബ് ഗോസ്വാമിക്ക് ദല്‍ഹി ഹൈക്കോടതി നോട്ടീസ്.
സുനന്ദ പുഷ്‌കര്‍, ലാലു പ്രസാദ് യാദവ് എന്നിവര്‍ക്കെതിരെ റിപ്പബ്ലിക് ടിവി അടുത്തിടെ സംപ്രേഷണം ചെയ്ത ഓഡിയോ ടേപ്പുകള്‍ ടൈംസ് നൗവിന്റേതാണെന്നും ഇത് അര്‍ണാബ് അവിടെ നിന്ന് കൊണ്ടുപോന്നതാണെന്നും ആരോപിച്ച് ടൈംസ് ഗ്രൂപ്പ് ഉടമസ്ഥരായ ബെന്നെറ്റ്, കോള്‍മാന്‍ കമ്പനി (ബിസിസിഎല്‍) നല്‍കിയ ഹര്‍ജിയില്‍ നടപടി.
ടൈംസ് നൗവിലെ മുന്‍ എഡിറ്ററായിരുന്നു ഗോസ്വാമി. അവിടെ നിന്നു രാജിവച്ച ശേഷമാണ് റിപ്പബ്ലിക് ടിവി തുടങ്ങിയത്.
മെയ് ആറിന് റിപ്പബ്ലിക് ചാനല്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും ഷഹാബുദ്ദീനുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടിരുന്നു. രണ്ടു ദിവസത്തിനു ശേഷം പ്രേമ ശ്രീദേവിയും സുനന്ദ പുഷ്‌കറും, സുനന്ദയുടെ സഹായി നാരായണും തമ്മിലുള്ള സംഭാഷണങ്ങളും റിപ്പബ്ലിക് ടിവി പുറത്തുവിട്ടു. ഇവ മോഷ്ടിച്ചതെന്നാരോപിച്ചാണ് ടൈംസ് നൗ കോടതിയെ സമീപിച്ചത്.
















