ന്യൂദല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി പോസ്റ്റ് തകര്‍ത്തുവെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍ പുറത്തിറക്കിയ വീഡിയോ വ്യാജമെന്ന് ഇന്ത്യന്‍ സൈന്യം. എഡിറ്റ് ചെയ്ത വീഡിയൊയാണിതെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.
നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത വിവരം ഇന്ത്യ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ തകര്‍ത്തെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. നൗഷേരയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ 13ന് തകര്‍ത്തവെന്ന് ട്വിറ്ററിലൂടെയാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. ഇതിനൊപ്പം 87 സെക്കന്‍ഡുള്ള വീഡിയോയും പുറത്തുവിട്ടു. അതിര്‍ത്തിയില്‍ ഇന്ത്യ നിര്‍മിച്ചിട്ടുള്ള പോസ്റ്റുകള്‍ പാക്കിസ്ഥാന്‍ അവകാശപ്പെടുന്നതു പോലെ തകര്‍ക്കാനാകില്ലെന്നും സൈനിക വക്താവ് പറഞ്ഞു.
ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കുന്നതു കൊണ്ടാണ് നൗഷേരയില്‍ പാക് പോസ്റ്റുകള്‍ തകര്‍ത്തതെന്ന് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ എ.കെ. നരുല പറഞ്ഞു. മഞ്ഞുരുകുന്ന സമയമായതിനാല്‍ നുഴഞ്ഞുകയറ്റം വര്‍ധിക്കാമെന്നും നിരീക്ഷണം കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















