ന്യൂദല്‍ഹി: പരിശീലനപ്പറക്കലിനിടെ അസാമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖേയ്-30 വ്യോമസേന യുദ്ധവിമാനത്തിലെ പൈലറ്റുകളിലൊരാള്‍ മലയാളി. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂര്‍കുളം സ്വദേശിയായ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവ് (25) ആണ് കാണാതായവരില്‍ ഒരാളെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്. രണ്ടു വൈമാനികര്‍ക്കു മാത്രം സഞ്ചരിക്കാനുള്ള സൗകര്യമാണിതിലുള്ളത്. തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയയ്‌ക്കു മുകളില്‍ നിന്നാണ് അവസാന സന്ദേശം ലഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് കരസേനയും വ്യോമസേനയും വിമാനം കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്. കനത്ത മഴ തിരച്ചിലിനെ തടസപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നിട്ടില്ല എന്ന വിവരമാണ് നിലവില്‍ ലഭ്യമായത്. വിമാനത്തെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് ചൈന പ്രതികരിച്ചിട്ടുണ്ട്.
ഐഎസ്ആര്‍ഒ യില്‍ നിന്ന് വിരമിച്ച വള്ളിക്കുന്ന് പറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. വിവരമറിഞ്ഞ് രക്ഷിതാക്കള്‍ അസമിലേക്ക് തിരിച്ചിട്ടുണ്ട്.
















